ഗുരുവായൂർ: ആനക്കോട്ടയിലെ കൊമ്പൻ ഗോകുല്‍ ചരിഞ്ഞത് പാപ്പാന്മാരുടെ ക്രൂരമർദനത്തെ തുടർന്നെന്ന് റിപ്പോർട്ട്.സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആനയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് കോടനാട്ട് നടക്കും. സംഭവത്തില്‍ ആനയുടെ രണ്ടും മൂന്നും പാപ്പാന്മാരെ സസ്‌പെൻഡ് ചെയ്തു.സെപ്തംബർ ഒൻപതിന് രാത്രി പത്തിനായിരുന്നു ആനയ്ക്ക് മർദനമേറ്റത്. പാപ്പാന്മാർ ആനയുടെ അടുത്തുചെന്ന് മർദിക്കുന്നത് കണ്ട ഡ്യൂട്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥൻ വിവരം ആനക്കോട്ടിലെ മേലുദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം പാപ്പാൻ ജി ഗോകുല്‍, മൂന്നാം പാപ്പാൻ കെ എ സത്യൻ എന്നിവരെ സസ്‌പെൻഡ് ചെയ്തത്.
26ന് ചേർന്ന ദേവസ്വം ഭരണസമിതിയോഗ തീരുമാനപ്രകാരമായിരുന്നു സസ്‌പെൻഷൻ.ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് 35 വയസുള്ള കൊമ്പൻ ഗോകുല്‍ ചരിഞ്ഞത്. 1994 ജനുവരി ഒമ്പതിന് എറണാകുളം ചുള്ളിക്കല്‍ അറയ്‌ക്കല്‍ ഹൗസില്‍ എഎസ് രഘുനാഥൻ നടയ്‌ക്കിരുത്തിയ ആനയാണ് ഗോകുല്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ കൊയിലാണ്ടിയില്‍ ഒരു ഉത്സവത്തിനിടെ പീതാംബരൻ എന്ന ആനയില്‍ നിന്ന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂർ ഗോകുല്‍ വളരെ ക്ഷീണിതനായിരുന്നു. കുറച്ചുനാളായി വിശ്രമത്തിലായിരുന്നു. .ഉത്സവപ്പറമ്പുകളിൽ ഏറെ ആരാധകരുള്ള ഗജവീരനായിരുന്നു ഗോകുല്‍. ആനക്കോട്ടയില്‍ 66 ആനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 15 വർഷം കൊണ്ട് 31 ആനകളാണ് ചരിഞ്ഞത്. പത്തുമാസത്തിനുള്ളില്‍ മൂന്നാനകളാണ് ചരിഞ്ഞത്.


