കോട്ടയം ഏറ്റുമാനൂരിൽ ഗൃഹനാഥനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടിയിലായത് ഹരിയാന മഹാരാഷ്ട്ര സ്വദേശികൾ 

 ഏറ്റുമാനൂർ : ഗൃഹനാഥനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ  ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ ഹരിദാസ് (38), മഹാരാഷ്ട്ര സ്വദേശിയായ ദിപിൻ രാംദാസ് ശിർക്കാർ (39) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തുക്കളും ചേർന്ന് പേരൂർ തെള്ളകം സ്വദേശിയായ ഗൃഹനാഥനെ എലൈറ്റ് ക്യാപ്പിറ്റൽ എഫ്.എക്സ് (Elite Capital FX ) എന്ന കമ്പനിയിൽ പണം നിക്ഷേപിച്ചാൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ഒരു ശതമാനം ലാഭം കിട്ടുമെന്ന് പറഞ്ഞ് ഇയാളുടെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട്  1151200 രൂപയോളം (പതിനൊന്നു ലക്ഷത്തി അന്‍പത്തി ഒന്നായിരത്തി ഇരുന്നൂറ്) കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് പണം നഷ്ടപ്പെട്ട ഗൃഹനാഥൻ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക നേതൃത്വത്തിലുള്ള അന്വേഷണസംഘം  നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ ഗൃഹനാഥന്റെ പണം ഇവരുടെ അക്കൗണ്ടിലേക്കും ചെന്നായി കണ്ടെത്തുകയും ഇവരെ ഹരിയാനയിൽ നിന്നും പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ സൈജു ,എ. എസ്.ഐ വിനോദ് , സി.പി.ഓ മാരായ അനീഷ്‌ വി.കെ, അജി എം. എസ് ,ജോസഫ്‌ തോമസ്‌ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി. മറ്റ് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.

Hot Topics

Related Articles