മലപ്പുറം: ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കരുതെന്ന സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവന തള്ളി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ.നജ്മ തബ്ഷീറ. ഉമർ ഫൈസി മുക്കത്തിന്റേത് എക്സ്പയേർഡ് പ്രസ്താവനയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സ്ത്രീയും പുരുഷനും ഒരുപോലെ പ്രാപ്തരാണ്. ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവന മുഖവിലക്കെടുക്കേണ്ടതില്ലെന്നും അഡ്വ. നജ്മ തബ്ഷീറ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനറല്‍ സീറ്റുകളില്‍ സ്ത്രീകള്‍ മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്നും, അതിന് സമസ്ത ലീഗിന് അതിന് അനുവാദം നല്‍കിയിട്ടില്ല. ജനറല്‍ സീറ്റില്‍ മത്സരിക്കാൻ പ്രാപ്തരായ പുരുഷന്മാർ ഉണ്ട് എന്നുമായിരുന്നു ഉമർ ഫൈസിയുടെ പ്രസ്താവന
എന്നാല്‍ ഉമർ ഫൈസിയുടേത് വ്യക്തിപരമായ അഭിപ്രായമാണെങ്കിലും അത് ശരിയല്ലെന്ന് നജ്മ തബ്ഷീറ വിമർശിച്ചു. ചർച്ച അർഹിക്കാത്ത കാര്യമാണ്. മുസ്ലിം ലീഗിന് അതിന്റേതായ രാഷ്ട്രീയ തീരുമാനങ്ങള്‍ ഉണ്ട്. ഉമർ ഫൈസി പറഞ്ഞതിനെ ജിഫ്രി തങ്ങള്‍ തന്നെ തിരുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ പ്രസ്താവന സമസ്തയുടെ അഭിപ്രായമായി കാണേണ്ടതില്ല. തെരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ പ്രവർത്തിക്കുന്ന സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഇത്തവണ വനിത ലീഗ് സംസ്ഥാന സെക്രട്ടറിയടക്കം രണ്ട് വനിതകള്‍ ലീഗ് സ്ഥാനാർത്ഥികളാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വനിതാ ലീഗും, ഹരിതയും സജീവമാണ്. കരുത്ത് തെളിയിക്കുന്ന തിരഞ്ഞെടുപ്പാണിതെന്നും നജ്മ തബ്ഷീറ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവന തള്ളി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഓരോ തെരഞ്ഞെടുപ്പിലും ആരെ സ്ഥാനാർത്ഥിയാക്കണമെന്ന് തീരുമാനിക്കേണ്ടത് അതത് രാഷ്ട്രീയ പാർട്ടികളാണെന്നും അതിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തേണ്ടത് അവരാണെന്നും തങ്ങള്‍ വ്യക്തമാക്കി. ഇത്തരം വിഷയങ്ങളില്‍ മതത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

