കൊച്ചി:പുതുവർഷത്തെ വരവേൽക്കാൻ കൂറ്റൻ പപ്പാഞ്ഞിയുമായി ഫോർട്ട് കൊച്ചി സജ്ജമായി. കൊച്ചി കാർണിവലുമായി ബന്ധപ്പെട്ട് വിപുലമായ സുരക്ഷാ-ഗതാഗത ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കാർണിവലിന് എത്തുന്നവർ സുരക്ഷാനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് കൊച്ചി കോർപ്പറേഷൻ മേയർ വി.കെ. മിനിമോൾ അഭ്യർത്ഥിച്ചു.സുരക്ഷയാണ് ഏറ്റവും പ്രധാനം എന്നും, കൊച്ചുകുട്ടികളെ കാർണിവലിന് കൊണ്ടുവരുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മേയർ പറഞ്ഞു. പോലീസ് വകുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങളുമായി പൊതുജനങ്ങൾ പൂർണമായി സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് കൊച്ചി കാർണിവലിന്റെ പ്രധാന വേദിയായിരിക്കും. വെളി ഗ്രൗണ്ട് ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കും.കൊച്ചി കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ മികച്ച ഏകോപനമാണ് ഒരുക്കിയിരിക്കുന്നത്.കൊച്ചി കോർപ്പറേഷൻ, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, കെഎസ്ആർടിസി, സ്വകാര്യ ബസ് ഉടമകൾ, പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി, വാട്ടർ അതോറിറ്റി, ആർടിഒ, വാട്ടർ മെട്രോ തുടങ്ങിയ നിരവധി വകുപ്പുകൾ ചേർന്നാണ് ആഘോഷങ്ങൾക്ക് പിന്തുണ നൽകുന്നത്.പോലീസ് വകുപ്പ് വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
28 ഇൻസ്പെക്ടർമാരും 13 ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുമടക്കം 1200 പോലീസ് സേനാംഗങ്ങളെ വിന്യസിക്കും.പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരങ്ങളിൽ പാർക്കിങ് പൂർണമായി നിരോധിച്ചിട്ടുണ്ട്.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ഈ മേഖലകളിലേക്ക് വാഹനങ്ങൾ കടത്തി വിട്ടിട്ടില്ല. റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കി നിർദിഷ്ട പാർക്കിങ് മേഖലകളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
വൈപ്പിൻ ഭാഗത്തുനിന്ന് റോറോ ജങ്കാർ വഴി ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ വൈകിട്ട് നാല് വരെയും യാത്രക്കാരെ ഏഴ് വരെയും മാത്രമേ കടത്തിവിടുകയുള്ളൂ. അതിന് ശേഷം ഫോർട്ട് കൊച്ചിയിൽ നിന്ന് മടങ്ങുന്നവർക്ക് മാത്രമായിരിക്കും റോറോ ജങ്കാർ സൗകര്യം.വൈപ്പിനിലും ഫോർട്ട് കൊച്ചിയിലും നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക ബസ് സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്. ബസുകൾ പുലർച്ചെ മൂന്ന് വരെ സർവീസ് നടത്തും. മെട്രോ റെയിൽ പുലർച്ചെ രണ്ട് വരെയും വാട്ടർ മെട്രോ പുലർച്ചെ നാല് വരെയും പ്രവർത്തിക്കും.


