പാചകവാതക പ്രതിസന്ധി ഹോട്ടൽ, ബേക്കറി മേഖലയെ നിശ്ചലമാക്കുന്നു. അടിയന്തിര പരിഹാരം കാണുക : സംസ്ഥാന കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി

കോട്ടയം: പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്തെ വ്യാപാര വ്യവസായ മേഖല നിശ്ചലമാകുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന ഹോട്ടലും പ്രവർത്തനരഹിതമായതായി സംസ്ഥാന കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ഈ പ്രതിസന്ധി ഹോട്ടൽ മേഖലയെ മാത്രമല്ല ബാധിച്ചിരിക്കുന്നത്, അനുബന്ധമായി പ്രവർത്തിക്കുന്ന മറ്റു മേഖലകളിലെയും ബാധിച്ചിരിക്കുകയാണ്. ചിക്കൻ വ്യാപാരികളെയും അനുബന്ധമായ വ്യാപാര മേഖലയും ഈ പ്രതിസന്ധി ബാധിച്ചു കഴിഞ്ഞു. പതിനായിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെട്ടു. ബാങ്കിൽ നിന്നും വട്ടി പലിശക്കാരിൽ നിന്നും ഭീമമായ പലിശയ്ക്ക് കടം വാങ്ങി സ്ഥാപനം നടത്തുന്ന വ്യാപാരികൾക്കാണ് ഏറ്റവും വലിയ ആഘാതമേറ്റിരിക്കുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തത് ആശങ്കാജനകമാണ്.

Advertisements

പ്രതിസന്ധി പരിഹരിക്കാത്ത പക്ഷം സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതടക്കമുള്ള സമരപരിപാടികൾ സംഘടിപ്പിക്കാനാണ് സമിതി ആലോചിച്ചിരിക്കുന്നത്. പ്രക്ഷോഭത്തിന്റെ ആദ്യപടി എന്ന നിലയിൽ മാർച്ച് 23 -ആം തീയതി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ചും, ധർണ്ണയും നടത്തുവാൻ നിശ്ചയിച്ചിട്ടുണ്ട്. ഹോട്ടൽ വ്യവസായ മേഖലയെ ആവശ്യ സർവീസായി കണക്കാക്കി പാചകവാതക സിലിണ്ടറുകൾ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സംഘടന ഭാരവാഹികൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. യോജിക്കാൻ കഴിയുന്ന മറ്റു വ്യാപാര സംഘടനകളുമായി യോജിച്ചുള്ള പ്രക്ഷോഭങ്ങൾക്കും സംഘടന നേതൃത്വം നൽകുമെന്നു വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജുവും, വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സെക്രട്ടറി ജോജി ജോസഫ് , ഹോട്ടൽ & ബേക്കേഴ്സ് സമിതി സംസ്ഥാന പ്രസിഡൻ്റ് യാസർ അറാഫത്ത് , ഹോട്ടൽ & ബേക്കേഴ്സ് സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് തോമസ് കുര്യൻ , ഹോട്ടൽ & ബേക്കേഴ്സ് സമിതി സംസ്ഥാന കമ്മിറ്റിയംഗം രതീഷ്  എന്നിവർ അറിയിച്ചു. 

Hot Topics

Related Articles