കൊച്ചി : സർക്കാർ അഭിഭാഷകരുടെ നിയമനത്തില്‍ കൈ പൊള്ളിയതോടെ കരുതല്‍ എടുക്കാൻ തീരുമാനം. ഇനിയുള്ള 43 പ്ലീഡർമാരുടെ നിയമനത്തില്‍ കർശന പരിശോധന നടത്തും.ഇനിയുള്ള നിയമത്തില്‍ അഡ്വക്കറ്റ് ജനറലിന്റെയും ഡിജിപിയുടെയും പൂർണ്ണ പരിശോധനയും കർശന നിരീക്ഷണവും ഉണ്ടാകും. ഇതുവരെ നിയമനം ലഭിച്ചവരുടെ കാര്യത്തിലും സൂക്ഷ്മ പരിശോധന ഉണ്ടാകും. ഹൈക്കോടതിയില്‍ ആകെ നിയമിക്കേണ്ടത് 133 പ്ലീഡർമാരെയാണ്. ഇതുവരെ 90 പേരെയാണ് നിയമിച്ചത്.
രണ്ട് തവണ കൈപൊള്ളിയതോടെയാണ് സർക്കാർ അഭിഭാഷകരുടെ നിയമനത്തില്‍ കരുതലെടുക്കാൻ സർക്കാർ തീരുമാനിച്ചത്. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ ദേവസ്വം പ്ലീഡർ ആക്കിയത് വൻ വിവാദമായിരുന്നു. പിന്നാലെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡർ കെ ബി പ്രദീപിന് കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. പ്ലീഡർ പട്ടികയില്‍ സിപിഐ അംഗമായ അഡ്വ. പി ദീപ്തി ഉള്‍പ്പെട്ടതും വിവാദമായി. പ്ലീഡർ പട്ടികയില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ പി ദീപ്തിയുടെ രാജി സിപിഐ ചോദിച്ചുവാങ്ങി. പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന് അഡ്വ. പി ദീപ്തി പ്രതികരിക്കുകയും ചെയ്തു. യുഡിഎഫ് സർക്കാരിന് നിയമനങ്ങളില്‍ കൈ പൊള്ളുന്നത് ഇത് രണ്ടാം തവണയാണ്. സണ്ണി ജോസഫിന്‍റെ അളിയൻ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവെച്ചതും വിവാദത്തെ തുടർന്നായിരുന്നു.


