വാഷിങ്ടണ്‍: ഹോർമൂസ് തുറന്നില്ലെങ്കില്‍ 48 മണിക്കൂറിനകം ഇറാന്‍റെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഭീഷണി.ഇതുവരെ നടന്നതില്‍ ഏറ്റവും വലുതാകും ആക്രമണമെന്നും മുന്നറിയിപ്പ്. ഇതിനിടെ വെടിനിർത്തലിന് ട്രംപ് പിൻവാതില്‍ വഴി ശ്രമം തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ആക്രമണങ്ങള്‍ തുടരുന്നതിനിടെ സൗദിയിലെ ഇറാൻ എംബസിയിലെ ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാൻ നിർദേശം.
സൈനിക പ്രതിനിധി, സഹായി, മിഷൻ സ്റ്റാഫിലെ മൂന്ന് ഉദ്യോഗസ്ഥർ എന്നിവരോടാണ് നിർദേശം. ഇവരെ രാജ്യത്ത് തുടരാൻ അർഹതയില്ലാത്തവരായി പ്രഖ്യാപിച്ചു. സൗദി വിദേശകാര്യ മന്ത്രാലയത്തിന്‍റേതാണ് തീരുമാനം. ഇന്നലെ രാത്രി മുതല്‍ സൗദിയിലേക്കെത്തിയത് ഇരുപതോളം ഡ്രോണുകളാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഈ നിമിഷം മുതല്‍ 48 മണിക്കൂറിനകം ഇറാൻ ഹോർമുസ് കടലിടുക്ക് യാതൊരുവിധ ഭീഷണികളുമില്ലാതെ പൂർണ്ണമായി തുറന്നുനല്‍കിയില്ലെങ്കില്‍, അമേരിക്കൻ ഇറാന്‍റെ വിവിധ വൈദ്യുത നിലയങ്ങളെ ആക്രമിച്ചു നാമാവശേഷമാക്കും. അതില്‍ ഏറ്റവും വലിയ പവർ പ്ലാൻ്റില്‍ നിന്നായിരിക്കും തുടക്കം” ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
അതിനിടെ ഇസ്രായേലിന്‍റെ നഗരങ്ങളെ വിറപ്പിച്ച് ഇറാന്‍റെ മിസൈലുകള്‍ നേരിട്ട് പതിച്ചതോടെ കെട്ടിടങ്ങള്‍ കൂട്ടത്തോടെ തകർന്നു. അറാദിലും ഡിമോണയിലുമുള്‍പ്പെടെ ആക്രമണത്തില്‍ നൂറിലേറെ പേർക്ക് പരിക്ക്. ഇരുപതിലേറെ പേരുടെ നില ഗുരുതരമാണ്. അറാദില്‍ ഇസ്രായേല്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണം നടന്നത് ഇസ്രായേലിലെ ആണവ കേന്ദ്രങ്ങള്‍ക്ക് സമീപമാണ്.
ഇന്നലെ നതാൻസിലെ ഇറാൻ ആണവ കേന്ദ്രത്തിലേക്കുള്ള ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഇറാൻ അറിയിച്ചു. ഇസ്രായേലിന്‍റെ പ്രതിരോധ സംവിധാനങ്ങള്‍ തകരുന്നതിന്‍റെ ലക്ഷണമാണ് കണ്ടതെന്ന് ഇറാൻ പാർലമെന്‍റ് സ്പീക്കർ പറഞ്ഞു. ഇറാന്‍റെ മിസൈലുകള്‍ ഇസ്രായേലില്‍ നേരിട്ടു പതിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
അതേസമയം പശ്ചിമേഷ്യയില്‍ യുദ്ധഭീതി വർധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണില്‍ സംസാരിച്ചു. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ചർച്ച.
നിലവിലെ സങ്കീർണ്ണമായ സാഹചര്യങ്ങളില്‍ ഇന്ത്യയുടെ ശക്തമായ ആശങ്ക ജയശങ്കർ അറിയിച്ചു. അക്രമങ്ങള്‍ വെടിഞ്ഞ് ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കപ്പല്‍ പാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ആഗോള വ്യാപാരത്തിന് അനിവാര്യമാണെന്ന് ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാകരുതെന്ന് ജയശങ്കർ പറഞ്ഞു. ഇറാനിലും പരിസര പ്രദേശങ്ങളിലും കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് ചർച്ചയില്‍ പ്രത്യേകം പരാമർശിച്ചു.

