ദില്ലി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതിൽ അങ്കലാപ്പിലായി പാകിസ്ഥാനും ബംഗ്ലാദേശും. യൂറോപ്യൻ വസ്ത്ര വിപണിയിൽ ഇതുവരെ തങ്ങൾക്കുണ്ടായിരുന്ന മേധാവിത്തം ഇതോടെ ഇന്ത്യ കൈയ്യടക്കുമെന്നാണ് ഇവരുടെ ഭീതി. സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വരുന്നതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ യൂറോപ്യൻ വിപണിയിൽ നികുതിയില്ലാതെ എത്തിക്കാനാവും. വസ്ത്രങ്ങൾ, ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ കയറ്റുമതി രംഗത്തിന് ഇത് വലിയ ഊർജ്ജമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാൽ ഇന്ത്യ തങ്ങൾക്കെതിരെ സാമ്പത്തിക യുദ്ധം തുടങ്ങിയെന്നാണ് ഈ കരാറുമായി ബന്ധപ്പെട്ട് പാകിസ്ഥാനിലെ വ്യാപാരികൾ വിമർശിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ പാകിസ്ഥാൻ ജിഎസ്പി പ്ലസ് എന്ന പദവി ഉപയോഗിച്ചാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ നികുതി ഇളവ് നേടി എത്തിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് കയറ്റി അയക്കുന്ന തുണിത്തരങ്ങളിൽ 75 ശതമാനവും യൂറോപ്പിലേക്കാണ് പോകുന്നത്. ഈ വിപണികളിലേക്ക് വിലക്കുറവോടെ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇനി എത്തുമെന്നതാണ് പാകിസ്ഥാൻ്റെ ആശങ്കയ്ക്ക് കാരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ അവികസിത രാജ്യമെന്ന പരിഗണന യൂറോപ്പിൽ ബംഗ്ലാദേശിന് ലഭിക്കുന്നുണ്ട്. ഈ ആനുകൂല്യം നേടി വ്യാപാരികൾ ബംഗ്ലാദേശിൽ നിന്നുള്ള 94 ശതമാനത്തോളം വരുന്ന ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങളും യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് അയക്കുന്നത്. ഇന്ത്യയും യൂറോപ്പും തമ്മിലെ വ്യാപാര കരാർ ഇതിനാൽ തന്നെ ബംഗ്ലാദേശിലെ വ്യാപാരികൾക്ക് തിരിച്ചടിയാകും. നിലവിൽ യൂറോപ്യൻ വസ്ത്ര വിപണിയിൽ മൂന്ന് ശതമാനം മാത്രമാണ് ഇന്ത്യയുടെ വിഹിതം. 2030 ആകുമ്പോഴേക്കും 100 ബില്യൺ ഡോളറിൻ്റെ കയറ്റുമതിയാണ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായി ഇന്ത്യ ലക്ഷ്യമിടുന്നത്.


