കോട്ടയം : നാടിനെ നടുക്കിയ കൊലപാതക വാർത്തയാണ് കഴിഞ്ഞദിവസം കോട്ടയം അയർക്കുന്നത്ത് നിന്ന് പുറത്തുവന്നത്. ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ട വേദനയിലാണ് ഇവരുടെ രണ്ടു മക്കൾ. ഏഴും ഒമ്പതും വയസ്സുള്ള രണ്ട് മക്കളാണ് വെസ്റ്റ് ബംഗാൾ സ്വദേശികളായ അൽപാനയ്ക്കും സോണിക്കും ഉണ്ടായിരുന്നത്. ഇവർ കഴിഞ്ഞ മൂന്ന് വർഷമായി കോട്ടയം അയർക്കുന്നം ഭാഗത്താണ് താമസിച്ചുവന്നിരുന്നത്. കുട്ടികളുടെ വിദ്യാഭ്യാസവും ഇവിടെ തന്നെയായിരുന്നു. എന്നാൽ അമ്മയെ അച്ഛൻ കൊന്നതോടുകൂടി ആരുമില്ലാതെ അനാഥരായി ഇരിക്കുകയാണ് ഈ കുട്ടികൾ.
കുട്ടികളെ ഇപ്പോൾ ചൈൽഡ് ലൈൻ വഴി രണ്ട് ബാല മന്ദിരത്തിൽ ആയി താമസിപ്പിച്ചിരിക്കുകയാണ്. അവരുടെ അടിസ്ഥാന സൗകര്യങ്ങളും പഠനങ്ങളും ചൈൽഡ് ലൈനിന്റെ സഹായത്തോടെ പോലീസിന്റെ മേൽനോട്ടത്തിൽ നടക്കുമെന്ന് ഡിവൈഎസ്പി അരുൺ അറിയിച്ചു.ഒക്ടോബർ പതിനാലാം തീയതി രാവിലെ ഏഴുമണിയോടെയാണ് കൊലപാതകം ഉണ്ടാവുന്നത്.തുടർന്ന് പോലീസിൽ പരാതി നൽകിയ ശേഷം കുട്ടികളുമായി നാടുവിടാൻ ഒരുങ്ങുകയായിരുന്നു സോണി ഇതു മനസ്സിലാക്കിയ പോലീസ് എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലാണ് ഭാര്യയായ അൽപനയെ സോണി കൊന്നുവെന്ന് വെളിപ്പെടുത്തുന്നത്.


