ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമാക്കിയ മണിപ്പൂര്‍ ഗവര്‍ണറുടെ ഉത്തരവ് ദു:ഖകരം: കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

തിരുവല്ല: ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമാക്കിയ മണിപ്പൂര്‍ ഗവര്‍ണറുടെ ഉത്തരവ് ദു:ഖകരമെന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പ്രസ്താവനയിൽ അറിയിച്ചു. കുക്കി – മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള കലാപഭൂമിയായി മാറിയ മണിപ്പൂരിന്റെ മുറിവ് ഉണക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനുമുള്ള ശക്തമായ ശ്രമങ്ങള്‍ നടത്തേണ്ടുന്ന ഈ കാലയളവില്‍ ഒരു വിഭാഗത്തെ വിഷമിപ്പിക്കുന്ന ഈ തീരുമാനം പ്രതിഷേധാര്‍ഹമാണ്. കുക്കി, നാഗാ വിഭാഗങ്ങളെയും മെയ്‌തെയ് വിഭാഗത്തിലെ ക്രിസ്ത്യാനികളെയും വേദനിപ്പിക്കുന്ന ഈ തീരുമാനം ക്രൈസ്തവ സമൂഹത്തിന്റെ ദു:ഖത്തിന് കാരണമാകുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനം ഈസ്റ്റര്‍ ഞായര്‍ ആണെന്നത് ഇപ്പോള്‍ മാത്രം മനസ്സിലാക്കിയ കാര്യമല്ല. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനം ബാങ്കുകള്‍ പ്രവര്‍ത്തിക്കണം എന്ന തീരുമാനത്തിന്റെ പ്രസക്തി മനസ്സിലാക്കാം.

എന്നാല്‍ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഈസ്റ്റര്‍ ദിനത്തില്‍ തന്നെ പ്രവര്‍ത്തിച്ച് ഫയലുകള്‍ തീര്‍പ്പാക്കണം എന്ന നിര്‍ബന്ധം യുക്തിക്ക് നിരക്കുന്നതല്ല. ഈ തീരുമാനം പിന്‍വലിക്കണമെന്ന് മണിപ്പൂര്‍ ഗവര്‍ണറോടും അതിനാവശ്യമായ സ്വാധീനം ചെലുത്തണമെന്ന് പ്രസിഡന്റ്, പ്രധാനമന്ത്രി, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, ബിജെപി ദേശീയ നേതൃത്വം , കേരള സംസ്ഥാന നേതൃത്വം എന്നിവരോടും അഭ്യര്‍ത്ഥിക്കുന്നു. ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണ ക്യാമ്പുകളുടെ ക്രമീകരണം നിമിത്തം ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തിലെ അധ്യാപകര്‍ മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ എത്തേണ്ടുന്ന സാഹചര്യം കെ.സി.സി.യുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് പരിഹരിക്കുവാന്‍ കേരള സര്‍ക്കാര്‍ എടുത്ത നടപടികളുടെ മാതൃകയില്‍ ക്രൈസ്തവ സമൂഹത്തിന്റെ വികാരം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിന് കേന്ദ്ര – മണിപ്പൂര്‍ സര്‍ക്കാരുകള്‍ തയ്യാറാകും എന്ന് പ്രതീക്ഷിക്കുന്നു.

Hot Topics

Related Articles