ദിവസവേതനക്കാരനായ തൊഴിലാളിയ്ക്ക് 17.40 കോടിയുടെ ആദായനികുതി നോട്ടീസ്; കോടതി കയറിയിറങ്ങി സാധാരണക്കാരൻ 

ലഖ്നൌ: ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ദിവസവേതനക്കാരനായ ഒരു തൊഴിലാളിക്ക് 17,40,12,207 രൂപയുടെ ആദായനികുതി നോട്ടീസ് ലഭിച്ചു. ജീവിതത്തിലാദ്യമായി അത്രയും വലിയൊരു സംഖ്യ എഴുതിക്കാണുന്ന അദ്ദേഹം അമ്പരന്നു. തന്‍റെ ചെറിയൊരു വരുമാനത്തില്‍ നിന്നും കുടുംബത്തെ ഓരോ ദിവസവും മുന്നോട്ട് കൊണ്ട് പോകാൻ പാടുപെടുന്നതിനിടെ ഇത്രയും വലിയൊരു സംഖ്യ നികുതി അടയ്ക്കുന്നതെങ്ങനെ എന്നറിയാതെ ഇന്ന് എല്ലാ ദിവസവും പണിക്ക് പോലും പോകാതെ കോടതി കയറി ഇറങ്ങുകയാണെന്ന് അദ്ദേഹം പറയുന്നു.

Advertisements

സാന്ത്നഗറിലെ കനൈപൂർ പ്രദേശത്തെ താമസക്കാരനായ ശിവധാനി എന്ന ദിവസവേതനക്കാരനായ തൊഴിലാളിക്കാണ് ഇത്തരമൊരു അസാധാണ നോട്ടീസ് ലഭിച്ച്‌. അദ്ദേഹം മുമ്പ് സോൻഭദ്ര ജില്ലയിലെ ഘോരാവലിലുള്ള ഒരു ബാറ്ററി കടയില്‍ ജോലി ചെയ്തിരുന്നു. ഏതാണ്ട് 8 വ‍ർഷത്തോളം ബാറ്ററികള്‍ ലോഡ് ചെയ്യുകയും ഇറക്കുകയും ചെയ്യുന്ന ജോലിയാണ് താൻ അവിടെ ചെയ്തിരുന്നതെന്നും ശിവധാനി പറയുന്നു. അവിടെ ജോലി ചെയ്യുന്നതിനിടെ തൊഴിലുടമയുടെ ആവശ്യപ്രകാരം കൊട്ടക് മഹീന്ദ്ര ബാങ്കിലും ഉത്കർഷ് സ്മോള്‍ ഫിനാൻസ് ബാങ്കിലും രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ തന്‍റെ പേരില്‍ എടുത്തിരുന്നു. ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാമെന്ന് പറഞ്ഞാണ് അക്കൗണ്ടുകള്‍ എടുപ്പിച്ചിരുന്നത്. പക്ഷേ, ഒരിക്കല്‍ പോലും ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം ഇട്ടിരുന്നില്ല. എല്ലായിപ്പോഴും ശമ്പളം കൈയില്‍ തന്നെ തന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എട്ട് വർഷത്തിന് ശേഷം, ബിസിനസ് നഷ്ടത്തിലാണെന്ന് പറഞ്ഞ് തൊഴിലുടമ തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടെന്നും ശിവധാനി പറയുന്നു. പിന്നീട് ജോലി തേടി മുംബൈയിലേക്ക് താമസം മാറ്റി. കഴിഞ്ഞ ആറ് മാസമായി മിർസാപൂരിലെ തന്‍റെ വീട്ടിലേക്ക് ആദായ നികുതി നോട്ടീസുകള്‍ എത്താൻ തുടങ്ങിയിട്ട്. ആദ്യം എന്താണെന്ന് വ്യക്തമായില്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് നികുതി അടയ്ക്കാനാണെന്ന് അറിഞ്ഞത്. ഇതോടെ നോട്ടീസുകളുമായി പഴയ തൊഴിലുടമയെ കണ്ടു. അദ്ദേഹം നോട്ടീസുകളെല്ലാം വാങ്ങി വച്ച്‌ വേണ്ട നടപടി സ്വീകരിക്കാമെന്ന് പറഞ്ഞു. ഓരോ തവണ പോകുമ്പോഴും അദ്ദേഹം അത് ആവർത്തിച്ചിരുന്നെങ്കിലും നോട്ടീസുകള്‍ വീണ്ടും വീണ്ടും വന്നു കൊണ്ടിരുന്നു. ഇതിനിടെയാണ് ആദായനികുതി സംഘം വീട്ടിലെത്തിയത്.

ആദായ നികുതി ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് തന്‍റെ ബാങ്ക് അക്കൗണ്ട് വഴി കോടികളുടെ ഇടപാട് നടന്നെന്നും ഇത്രയും പണത്തിന് 17,40,12,207 രൂപയുടെ നികുതി അടയ്ക്കാനാണ് നോട്ടീസ് അയച്ചതെന്നും വ്യക്തമായത്. ഇതേ കുറിച്ച്‌ തനിക്ക് അറിയില്ലെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോള്‍ മറ്റാരോടും ഇതേ കുറിച്ച്‌ പറയരുതെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും ശിവധാനി പറയുന്നു. സ്വന്തമായി ഭൂമിയില്ലാത്ത താൻ പുറമ്പോക്കില്‍ പണിതീരാത്ത ഒരു വീട്ടിലാണ് താമസിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കുടുംബം പുലർത്താൻ പ്രതിമാസം 8,000 രൂപ മാത്രമാണ് തനിക്ക് വരുമാനമുള്ളത്. ഇതോടെയാണ് പരാതിയുമായി പോലീസ് സൂപ്രണ്ടിനെ സമീപിച്ചതെന്നും അദ്ദേഹം പറയുന്നു. തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ഇപ്പോള്‍ എല്ലാ ദിവസവും കോടതി കയറി ഇറങ്ങേണ്ട അവസ്ഥയിലാണെന്നും ഇത് മൂലം ജോലിക്ക് പോകാൻ കഴിയുന്നില്ലെന്നും ശിവധാനി കൂട്ടിച്ചേർക്കുന്നു. തൊഴിലാളിയുടെ അറിവില്ലായ്മ ചൂഷണം ചെയ്ത തൊഴില്‍ ഉടമയ്ക്കെതിരെ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞതായി ചെയ്യുന്നു.

Hot Topics

Related Articles