കോട്ടയം: കേരളത്തിലെ ആശുപത്രികളിൽ സമ്പൂർണ ശുചിത്വം ലക്ഷ്യമിട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള ജനകീയ മഹാ ശുചീകരണ യജ്ഞം ‘തുടക്കം’ കാമ്പയിൻ കോട്ടയം മെഡിക്കൽ കോളേജിൽ ഏറ്റുമാനൂർ എം എൽ എ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പകർച്ചവ്യാധിക്കെതിരേയുള്ള ഏറ്റവും മികച്ച പ്രതിരോധമാണെന്നും ആശുപത്രിയും പരിസരവും അണുവിമുക്തമാകുമെന്നും എം എൽ എ പറഞ്ഞു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗ്ഗീസ് പി പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് പഞ്ഞിക്കാരൻ, മെഡിക്കൽ കോളേജ് വാർഡ് മെമ്പർ റോസ്ലിൻ തോമസ് മെഡിക്കൽ കോളേജ് ആർ എം ഒ ഡോ. സാം ക്രിസ്റ്റി തുടങ്ങിയവർ സംസാരിച്ചു.ദന്തൽ കോളേജ് പ്രിൻസിപ്പൽ ഡോ. കണ്ണൻ വടക്കേപുരയിൽ, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ടി ആർ രാധ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഉദ്ഘാടന ചടങ്ങിന് ശേഷം മെഡിക്കൽ വിദ്യാർത്ഥികളും, അധ്യാപകരും, അനധ്യാപകരും, പൊതുജനങ്ങളും ചേർന്ന് ആശുപത്രിയും പരിസരവും വൃത്തിയാക്കി.
മെഡിക്കൽ കോളേജിലും ശുചീകരണ യജ്ഞത്തിന് തുടക്കം : ഏറ്റുമാനൂർ എം എൽ എ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു


