കൊൽക്കത്തയെ തകർക്കും : ഭീഷണി ഉയർത്തി പാക്ക് പ്രതിരോധ മന്ത്രി; മറുപടി നൽകാത്തതിന് ഇന്ത്യൻ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും വിമർശിച്ച് തൃണമൂൽ കോൺഗ്രസ് 

കൊല്‍ക്കത്ത: കൊല്‍ക്കത്തയെ ലക്ഷ്യമിടുമെന്ന പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ ഭീഷണിക്ക് മറുപടി നല്‍കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് കേന്ദ്രമന്ത്രിമാരെയും വിമർശിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജി. മമതാ ബാനർജിയും ഇന്ത്യ സഖ്യവും കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന ദിവസം, ഭീഷണി മുഴക്കിയവരുടെ വീട്ടില്‍ കയറി വധിക്കുമെന്ന് അഭിഷേക് ബാനർജി പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഭാവിയില്‍ യുദ്ധമുണ്ടായാല്‍ അത് അതിർത്തിയില്‍ മാത്രം ഒതുങ്ങില്ലെന്നും കൊല്‍ക്കത്തയെ ലക്ഷ്യമിടുമെന്നും ഖ്വാജ ആസിഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിയാല്‍കോട്ടില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ്, ഇന്ത്യ എന്തെങ്കിലും നീക്കം നടത്തിയാല്‍ തിരിച്ചടി കൊല്‍ക്കത്ത വരെ എത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഭീഷണി മുഴക്കിയത്.

Advertisements

“രണ്ട് ദിവസം മുമ്ബ്, കൊല്‍ക്കത്ത തകർക്കുമെന്ന് ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർ നിശബ്ദരാണ്. അവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കിലാണ്. ബംഗാളിനെതിരെയുള്ള ഭീഷണികള്‍ക്ക് മറുപടി നല്‍കാൻ അവർക്ക് സമയമില്ല.ഇന്ത്യയുടെ പരമാധികാരത്തിനും നേരെയുള്ള ഭീഷണിയെ അപലപിക്കാൻ പോലും അവർക്ക് ധൈര്യമില്ല. എന്റെ പട്ടികയില്‍ ഖ്വാജ ആസിഫിന്റെ പേര് ഞാൻ എഴുതിയിട്ടുണ്ട്. മമത ബാനർജിയും ഇന്ത്യാ സഖ്യവും സർക്കാർ രൂപീകരിക്കുന്ന ദിവസം, ഞങ്ങള്‍ അവരുടെ വീട്ടില്‍ കയറി അവരെ കൊല്ലും”- എന്നാണ് അഭിഷേക് ബാനർജി പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയ സുരക്ഷാ കാര്യങ്ങളില്‍ കേന്ദ്ര സർക്കാർ പരാജയമാണെന്ന് ആരോപിച്ച്‌ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ അഭിഷേക് ബാനർജിയുടെ പ്രസ്താവന അക്രമാസക്തമായ രാഷ്ട്രീയ ഭാഷയുടെ ഉദാഹരണമാണെന്ന് ബിജെപി ആരോപിക്കുന്നു. പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ ചൂട് വർധിക്കുന്ന സാഹചര്യത്തില്‍, വിദേശ ഭീഷണികളും ദേശീയ സുരക്ഷയും പ്രധാന ചർച്ചാ വിഷയങ്ങളായി മാറിയിരിക്കുകയാണ്.

ഇന്ത്യൻ മണ്ണില്‍ പാകിസ്ഥാൻ പ്രകോപനം നടത്തിയാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2025 ഏപ്രിലില്‍ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് പാകിസ്ഥാന്റെ ഭീകരവാദ കേന്ദ്രങ്ങള്‍ ഇന്ത്യ തകർത്തിരുന്നു. തുടർന്നുണ്ടായ സംഘർഷങ്ങള്‍ക്കൊടുവില്‍ മെയ് പത്തിനാണ് വെടിനിർത്തല്‍ പ്രഖ്യാപിച്ചത്.

പാക് പ്രതിരോധ മന്ത്രിയുടെ ഭീഷണി

ഇന്ത്യയുടെ ഭാഗത്തുനിന്നും പാകിസ്ഥാന് നേരെ ഭാവിയില്‍ എന്തെങ്കിലും സൈനിക നീക്കം ഉണ്ടായാല്‍ മറുപടി അതിർത്തിയില്‍ മാത്രം ഒതുങ്ങില്ലെന്നാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഇന്ത്യ ഒരു വ്യാജ ഓപ്പറേഷന് പദ്ധതിയിടുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും അത്തരം നീക്കമുണ്ടായാല്‍ കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള വിദൂര നഗരങ്ങളില്‍വരെ കടന്നുകയറി പാകിസ്ഥാൻ തിരിച്ചടിക്കുമെന്നുമാണ് ഖ്വാജ ആസിഫ് പറഞ്ഞത്. ഇന്ത്യയില്‍ തടവിലുള്ള പാകിസ്ഥാൻ പൗരന്മാരേയോ അല്ലെങ്കില്‍ സ്വന്തം പൗരന്മാരെത്തന്നെയോ ഉപയോഗിച്ച്‌ ഭീകരാക്രമണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചേക്കുമെന്നാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ആരോപിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കാൻ ഖ്വാജ ആസിഫ് തയ്യാറായില്ല. യുദ്ധമുണ്ടായാല്‍ അത് കേവലം 200-250 കിലോമീറ്റർ ചുറ്റളവില്‍ പരിമിതപ്പെടില്ല. ഇന്ത്യൻ മണ്ണില്‍ കയറി വീടുകള്‍ക്കുള്ളില്‍ വരെ പ്രഹരമേല്‍പ്പിക്കുമെന്ന് പാക് മന്ത്രി ഭീഷണി മുഴക്കി.

Hot Topics

Related Articles