കോട്ടയം: മദ്യപിച്ച് സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയുടെ ഭാഗമായി കോട്ടയം സബ് ഡിവിഷനിലും മിന്നൽ പരിശോധന. എട്ടു ഡ്രൈവർമാരെ മദ്യലഹരിയിൽ വാഹനം ഓടിച്ചതായി കണ്ടെത്തി പിടികൂടി. ഇന്നു പുലർച്ചെ ആറു മണി മുതൽ വൈകിട്ട് ആറു വരെ നീണ്ടു നിൽക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടപടി. കോട്ടയം സബ് ഡിവിഷനിൽ ഡിവൈഎസ്പി കെ.എസ് അരുണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോട്ടയം സബ് ഡിവിഷനു കീഴിലുള്ള 106 സ്കൂളുകളിലാണ് പരിശോധന നടത്തിയത്. 328 സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ നിന്നാണ് എട്ടു പേരെ മദ്യപിച്ചു വാഹനം ഓടിച്ചതായി കണ്ടെത്തി കേസെടുത്തത്. കുമരകം സ്റ്റേഷൻ പരിധിയിലും, കോട്ടയം ഈസ്റ്റ് സ്റ്റേഷൻ പരിധിയിലും മൂന്നു കേസുകൾ വീതം രജിസ്റ്റർ ചെയ്തു. ഏറ്റുമാനൂരിൽ, ഗാന്ധിനഗറിലും ഓരോ കേസ് വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മദ്യപിച്ച് സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ കണ്ടെത്താൻ കോട്ടയത്ത് പൊലീസിന്റെ മിന്നൽ പരിശോധന; കോട്ടയം സബ് ഡിവിഷനിൽ എട്ട് ഡ്രൈവർമാർ പിടിയിൽ


