വാകത്താനത്ത് സ്‌കൂൾ സമയത്തും സർവീസ് നടത്തി ടിപ്പർ ലോറികൾ; വാകത്താനം ഉണ്ണാമറ്റം കവലയിൽ സ്‌കൂൾ സമയത്ത് കാറിൽ ഇടിച്ച ടിപ്പർ ലോറിയ്‌ക്കെതിരെ കർശന നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപണം; കെ.എൽ 05 എ.സി 7635 നമ്പർ ടിപ്പറിന്റെ പെർമിറ്റ് റദ്ദാക്കണമെന്ന് ആവശ്യം

കോട്ടയം: വാകത്താനത്ത് സ്‌കൂൾ സമയത്തും സർവീസ് നടത്തി അപകടമുണ്ടാക്കിയ ടിപ്പർ ലോറിയ്‌ക്കെതിരെ പൊലീസ് മാനദണ്ഡപ്രകാരമുള്ള നടപടിയെടുക്കുന്നില്ലെന്ന് പരാതി. അപകടമുണ്ടാക്കിയ ടിപ്പർ ലോറി സർവീസ് നടത്താൻ നിരോധനമുള്ള സമയത്ത് പോലും സർവീസ് നടത്തിയിട്ടും പൊലീസും മോട്ടോർ വാഹന വകുപ്പും നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്. മണർകാട് നാലുമണിക്കാറ്റ് വാവത്തിൽ വീട്ടിൽ ആദിത്യ സുരേഷാണ് തന്റെ വാഹനത്തിൽ ഇടിച്ച ടിപ്പറിനെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പും നടപടിയെടുത്തില്ലെന്ന ആരോപണവുമായി രംഗത്ത് എത്തിയത്.

Advertisements

കഴിഞ്ഞ 27 ന് ഉച്ചയ്ക്ക് 3.54 നായിരുന്നു സംഭവം. ഉണ്ണാമറ്റം ജംഗ്ഷനിൽ വച്ച് ആദിത്യ ഓടിച്ച കാറിൽ പിന്നിലേയ്ക്ക് അശ്രദ്ധമായി എടുത്ത ടിപ്പർ ലോറി ഇടിയ്ക്കുകയായിരുന്നു. ടിപ്പർ ലോറി ഡ്രൈവർ റിവേഴ്സ് എടുക്കുന്നതിനിടെ അശ്രദ്ധമായി ഓടിച്ചത് മൂലം കാറിൽ ഓടിച്ചതായാണ് എഫ്.ഐ.ആറിലെ വിവരം. എന്നാൽ, പോലീസ് ഈ കേസിൽ ഭാരതീയ ന്യായ സംഹിത, 2023-ലെ വകുപ്പ് 281 മാത്രം ചുമത്തി, ഇത് സാധാരണ അശ്രദ്ധാപരമായ ഡ്രൈവിംഗിന്റെ കേസായി മാത്രം പരിഗണിച്ചിരിക്കുകയാണെന്ന് ആദിത്യൻ ജില്ലാ പൊലീസ് മേധാവിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. സ്‌കൂൾ സമയത്ത് വാഹനം സർവീസ് നടത്താൻ പാടില്ലെന്ന ചട്ടം ലംഘിച്ച് വാഹനം സർവീസ് നടത്തിയതായി കണ്ടെത്തിയിട്ടു പോലും പൊലീസും മോട്ടോർ വാഹന വകുപ്പും ഈ വിഷയത്തിൽ നടപടിയെടുത്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോഡിന്റെ ഒരു ഭാഗത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്നതിനാൽ, ഇതുവഴി യാത്ര ചെയ്യുന്നതിന് മതിയായ സ്ഥലം ഉണ്ടായിരുന്നില്ല. ഈ സമയം പിന്നിൽ വഴി സുരക്ഷിതമാണോയെന്ന് ഉറപ്പാക്കാതെയും, ഭാരവാഹന ഡ്രൈവർ പാലിക്കേണ്ട പരമാവധി ജാഗ്രത കാണിക്കാതെയും പ്രതിയുടെ ടിപ്പർ ലോറി ഡ്രൈവർ അശ്രദ്ധയോടെയും അപകടകരമായ രീതിയിലും വാഹനം റിവേഴ്സ് എടുത്ത് കാറിൽ ഇടിക്കുകയായിരുന്നു. എന്നാൽ, ഇത് ഒന്നും പരിഗണിക്കാതെയാണ് ടിപ്പറിനെതിരെ നിസാര വകുപ്പ് മാത്രം ചുമത്തി കേസെടുത്തതെന്നാണ് പരാതി ഉയരുന്നത്.

മൊഴി നൽകിയതിന് ശേഷം, പരാതിക്കാരൻ പോലീസിനോട് എഫ്.ഐ.എസ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മൊഴിയും എഫ്.ഐ.ആറും പരാതിക്കാരന് നൽകിയില്ലെന്നും ഇദ്ദേഹം എസ്.പിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇതുമൂലം, താൻ പറഞ്ഞ എല്ലാ പ്രധാന വസ്തുതകളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും അവ ശരിയായി എഫ്.ഐ.ആറിൽ പ്രതിഫലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാനുള്ള അവസരം പരാതിക്കാരന് നിഷേധിക്കപ്പെട്ടതായും പറയുന്നു.

അപകടം നടന്ന ഉടൻ തന്നെ, പരാതിക്കാരനെയും പ്രതി ഡ്രൈവറെയും അവരുടെ വാഹനങ്ങളോടൊപ്പം വാകത്താനം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അപകടത്തിന്റെ ഇരയായിരുന്ന പരാതിക്കാരനെ വൈകുന്നേരം ഏകദേശം 8.30 വരെ, അഥവാ നാലര മണിക്കൂറോളം പോലീസ് സ്റ്റേഷനിൽ തുടരാൻ നിർബന്ധിതനാക്കി. ഈ സമയത്ത്, വാകത്താനം പോലീസ് സ്റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥർ, പരാതിക്കാരന് തിരിച്ചറിയാൻ കഴിയുന്നവർ, പ്രതിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും എഫ്.ഐ.ആർ. രേഖപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ തുടർച്ചയായി സമ്മർദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ഒത്തുതീർപ്പിന് നിർബന്ധിക്കുകയും ചെയ്തു. പരാതിക്കാരന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി മണിക്കൂറുകളോളം പോലീസ് സ്റ്റേഷനിൽ തുടരാൻ നിർബന്ധിതനാക്കിയ നടപടി, ഒരു കോഗ്‌നിസബിൾ കുറ്റകൃത്യത്തിന്റെ ഇരയോട് നിയമപ്രകാരം പോലീസ് പാലിക്കേണ്ട കടമകൾക്ക് വിരുദ്ധമായതും അന്വേഷണത്തിന്റെ നിഷ്പക്ഷതയിലുള്ള പരാതിക്കാരന്റെ വിശ്വാസം കൂടുതൽ നഷ്ടപ്പെടുത്തുന്നതുമാണെന്നും പരാതിയിൽ പറയുന്നുണ്ട്.

എന്നാൽ, അപകടമുണ്ടാക്കിയ ടിപ്പർ ലോറി ഇപ്പോഴും വാകത്താനം പ്രദേശത്ത് സ്‌കൂൾ ടൈമിൽ തന്നെ സർവീസ് നടത്തുകയാണ്. ഇതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പിനും പൊലീസിനും പരാതി നൽകിയിട്ടും നടപടിയെടുത്തിട്ടില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

Hot Topics

Related Articles