കോട്ടയം: സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി പരാതിക്കാരനിൽ നിന്നും 3000 രൂപയും മദ്യക്കുപ്പിയും കൈക്കൂലി വാങ്ങിയ കേസിൽ പാലാ എൽ.എ ഡെപ്യൂട്ടി തഹസീൽദാർക്ക് ഏഴു വർഷം കഠിന തടവും 75000 രൂപ പിഴയും. പാലാ എൽ.എ (ജനറൽ) ഡെപ്യൂട്ടി തഹസീൽദാറും മുൻ കിടങ്ങൂർ വില്ലേജ് ഓഫിസറുമായ പി.കെ ബിജുമോനെയാണ് .കോട്ടയം വിജിലൻസ് കോടതി ജഡ്‌ജ് ശ്രീ.കെ.വി രജനീഷ് ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയായ മുൻ കിടങ്ങൂർ വില്ലേജ് അസിസ്റ്റൻ്റ് ടി.എം എബ്രഹാം വിചാരണ കാലയളവിൽ മരണപ്പെട്ടതിനാൽ കേസിൽ നിന്നും ഒഴിവാക്കി.
2015 ലായിരുന്നു കേസിനാസ്പദമായ സംഭവം. പി.കെ ബിജുമോനും റ്റി.എം എബ്രഹാമും പരാതിക്കാരനായ അനീഷ് റ്റി.സി യുടെയും ഇയാളുടെ ഭാര്യയുടെയും പേരിൽ വാങ്ങിയ 10 സെന്റ് സ്ഥലത്തിൻ്റെ പോക്കുവരവ് ചെയ്തു കിട്ടുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി ഉയർന്നിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിടങ്ങൂർ വില്ലേജ് ഓഫീസിൽ 2014 നവംബറിൽ നൽകിയ അപേക്ഷയിൽ പോക്കുവരവ് ചെയ്യുന്നതിനായാണ് വില്ലേജ് ഓഫിസർ കൈക്കൂലി ആവശ്യപ്പെട്ടതായാണ് വിജിലൻസിൽ പരാതി ലഭിച്ചത്. ഇതേ തുടർന്ന് 2015 ജനുവരിയിൽ വില്ലേജ് ഓഫീസറായിരുന്ന പി.കെ ബിജുമോൻ 3,000/-രൂപയും ഒരു കുപ്പി മദ്യവും, വില്ലേജ് അസിസ്റ്റന്റ് ആയിരുന്ന ടി.എം എബ്രഹാം 500/- രൂപയും കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി.
ഇതേ തുടർന്ന് പരാതിക്കാരൻ വിവരം വിജിലൻസിൽ അറിയിച്ചതിനെ തുടർന്ന് 2015 ജനുവരി 19 ന് വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഒന്നും രണ്ടും പ്രതികളെ അറസ്റ്റ് ചെയ്തുകയായിരുന്നു. കോട്ടയം വിജിലൻസ് യൂണിറ്റിലെ മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് സുരേഷ് കുമാർ അന്വേഷണം നടത്തിയ കേസിൽ , മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് അശോക് കുമാർ അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ 2016 ൽ തന്നെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് വിചാരണ പൂർത്തിയാക്കിയ കോടതി രണ്ട് വകുപ്പുകളിലായി ഏഴു വർഷം തടവ് വിധിയ്ക്കുകയായിരുന്നു. ഒരു വകുപ്പിൽ മൂന്നു വർഷവും 25,000/- രൂപ പിഴയും, മറ്റൊരു വകുപ്പിൽ നാലു വർഷവും 50,000/- രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുള്ളതുമാണ്. വിജിലൻസിനു വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ ശ്രീ.കെ.കെ ശ്രീകാന്ത് ഹാജരായി.


