താനറിയാതെ ഈച്ച പോലും ആശുപത്രി വളപ്പിൽ കടക്കില്ലെന്നു പ്രഖ്യാപിച്ച ജില്ലാ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ മൂക്കിനു താഴെ കഞ്ചാവ് ചെടി വളർന്നത് രണ്ടു മാസം; ജില്ലാ ആശുപത്രിയ്ക്കുള്ളിൽ നിന്നും കഞ്ചാവ് ചെടി പിടിച്ചെടുത്ത് എക്‌സൈസ് സംഘം

കോട്ടയം: താനറിയാതെ ആശുപത്രിയ്ക്കുള്ളിൽ ഈച്ചപോലും പറക്കില്ലെന്ന നിലപാടെടുത്തിരുന്ന ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ മൂക്കിനു താഴെ കഞ്ചാവ് ചെടി വളർന്നത് രണ്ടു മാസത്തോളം. ജില്ലാ ജനറൽ ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിനു സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടു മാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി വളർന്നു നിന്നത്. വിവരം പുറത്തറിഞ്ഞതോടെ എക്‌സൈസ് സംഘം സ്ഥലത്ത് എത്തി കഞ്ചാവ് ചെടി കസ്റ്റഡിയിൽ എടുത്തു.

Advertisements

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ജില്ലാ ആശുപത്രിയിലെ കണ്ണ് പരിശോധനാ വിഭാഗത്തിനു സമീപത്ത് എത്തിയ യുവാവാണ് ആദ്യം ചെടി കണ്ടെത്തിയത്. ഇത് കഞ്ചാവ് ചെടിയാണ് എന്ന് സംശയം തോന്നിയ യുവാവ് ആശുപത്രി വികസന സമിതി അംഗം കൂടിയായ ബിജെപി നേതാവ് അരുൺ മൂലേടത്തെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയം ആശുപത്രിയിലുണ്ടായിരുന്ന അരുൺ ഈ ചെടിയുടെ ചിത്രം പകർത്തിയെടുത്ത് എക്‌സൈസ് ഉദ്യോഗസ്ഥനായ എം.പ്രവീൺ ശിവാനന്ദന് അയച്ചു നൽകി. ഇതോടെയാണ് ഇത് കഞ്ചാവ് ചെടി തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന്, കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസഫിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തി. അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എൻ.ഹരിഹരൻ പോറ്റി, ബി.ആനന്ദ് രാജ്, നൗഷാദ് എം, പ്രിവന്റീവ് ഓഫിസർമാരായ മാനുവേൽ, എം.പ്രവീൺ ശിവാനന്ദ്, സിവിൽ എക്‌സൈസ് ഓഫിസർ ഡ്രൈവർ ബിബിൻ ജോയി എന്നിവർ ചേർന്ന് കഞ്ചാവ് ചെടി പിഴുത് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് പ്രദേശത്ത് നിരീക്ഷണം നടത്തി കഞ്ചാവ് കണ്ടെത്താൻ സാധ്യതയുണ്ടോ എന്ന പരിശോധനയും നടത്തി.

ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാരായി എത്തിയവരോ, ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കെത്തിയ തൊഴിലാളികളോ കഞ്ചാവ് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചപ്പോൾ വിത്ത് കിളുക്കാനുള്ള സാധ്യത എക്‌സൈസ് സംഘം തള്ളിക്കളയുന്നില്ല. എന്നാൽ, രണ്ട് മാസത്തോളം നീണ്ട വേനൽക്കാലത്ത് വെള്ളം ഒഴിച്ചു നൽകി ആരെങ്കിലും ആശുപത്രിയ്ക്കുള്ളിൽ കഞ്ചാവ് ചെടി വളർത്തിയിട്ടുണ്ടോ എന്ന് എക്‌സൈസ് സംഘം പരിശോധിക്കുന്നുണ്ട്. ഏതായാലും ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണവും നിരീക്ഷണവും നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു.

Hot Topics

Related Articles