കല്യാണ വീടിന്റെ ഓടയിൽ നിന്നും കിട്ടിയ കാലിക്കുപ്പി തുമ്പായി..! കോട്ടയം സംക്രാന്തിയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 18 കേസിലായുള്ള 57 ലീറ്റർ മാഹി മദ്യം; എക്‌സൈസ് സംഘം പൊളിച്ചത് പത്ത് വർഷം നീണ്ട അനധികൃത മദ്യ വിൽപ്പന

കോട്ടയം: കല്യാണ വീടിന്റെ ഓടയിൽ നിന്നും ലഭിച്ച കാലിക്കുപ്പിയ്ക്ക് പിന്നാലെ എക്‌സൈസ് സംഘം നടത്തിയ അന്വേഷണത്തിൽ പിടിയിലായത് കോട്ടയം ജില്ലയിലെ ഏറ്റവും വലിയ അനധികൃത മദ്യ മാഫിയ സംഘം. കഴിഞ്ഞ പത്തു വർഷമായി മാഹിയിൽ നിന്നും ജില്ലയിലേയ്ക്ക് മദ്യമെത്തിച്ച് വൻ ലാഭത്തിൽ വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ രണ്ടു പേരെയാണ് അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ബി.ആനന്ദരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 18 കേസുകളിലായി 57 ലിറ്റർ മദ്യവും പിടിച്ചെടുത്തു. ഓണംതുരുത്ത് നീണ്ടൂർ ആക്കക്കാട്ടിൽ ദിലീപ് കുമാർ എ.എസ് (38), ഓണംതുരുത്ത് നീണ്ടൂർ പൂവത്തുങ്കൽ സുധിൻ പി.മണി (32) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതികൾ ഉപയോഗിച്ചിരുന്ന വാഗണർകാറും, ബുള്ളറ്റ് ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.

Advertisements

കോട്ടയത്തെ ഒരു വിവാഹ വീട്ടിൽ മാഹിയിൽ നിന്നും എത്തിച്ച അനധികൃത മദ്യം വിതരണം ചെയ്തതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ബി.ആനന്ദരാജ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ അനീഷ് രാജ് കെ.ആർ എന്നിവർ പരിശോധന നടത്തിയിരുന്നു. ഈ വീടിനു സമീപത്തെ ഓടയിൽ നിന്നും എക്‌സൈസ് സംഘത്തിന് ഉപയോഗിച്ച് തീർന്ന കാലിക്കുപ്പിയാണ് ലഭിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ കാലിക്കുപ്പി കേന്ദ്രീകരിച്ച് എക്‌സൈസ് സംഘം നടത്തിയ അന്വേഷണം ഓണം തുരുത്തിലെ മദ്യമാഫിയയിലേയ്ക്ക് എത്തുകയായിരുന്നു. കഴിഞ്ഞ പത്തു വർഷത്തോളമായി ദിലീപും, സുധിനും അടങ്ങുന്ന മാഫിയ സംഘം മാഹിയിൽ നിന്നും കോട്ടയത്ത് മദ്യം എത്തിച്ച് വലിയ തോതിൽ വിൽപ്പന നടത്തുന്നതായി എക്‌സൈസ് സംഘം കണ്ടെത്തി. തുടർന്ന്, ഇവരെ എക്‌സൈസ് സംഘം രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. ഓർഡർ അനുസരിച്ച് മദ്യം വാഹനത്തിൽ എത്തിച്ചു നൽകി വിൽപ്പന നടത്തുന്നതായിരുന്നു പ്രതികളുടെ രീതി.

രണ്ട് വീതം വാഹനങ്ങൾ എസ്‌കോർട്ടും പൈലറ്റുമായി എത്തിയ സുരക്ഷ ഉറപ്പാക്കിയ ശേഷമാവും പ്രതികൾ മദ്യവുമായി എത്തുക. ഇത്തരത്തിൽ പ്രതികളുടെ രീതികൾ കൃത്യമായി മനസിലാക്കിയ എക്‌സൈസ് സംഘം കഴിഞ്ഞ ദിവസം വൈകിട്ട് തന്ത്രപൂർവം വലയൊരുക്കുകയായിരുന്നു. പ്രതികളിൽ നിന്നും മദ്യം ഓർഡർ ചെയ്ത വ്യക്തികളുടെ ഫോൺ നമ്പരുകൾ നിരീക്ഷിച്ച അന്വേഷണ സംഘം പ്രതികളെ തന്ത്രപരമായി വലയിലാക്കി. തുടർന്ന് ഇവരുടെ വാഹനത്തിൽ നിന്നും മദ്യം പിടിച്ചെടുക്കുകയായിരുന്നു.

ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ കെ.ആർ അജയിയുടെയും , അസി. എക്‌സൈസ് കമ്മിഷണർ സഞ്ജീവ് ശ്രീധറിന്റെയും നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ബി.ആനന്ദരാജ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ അനീഷ് രാജ് കെ.ആർ , നിഫി ജേക്കബ്, ജോസഫ് കെ.ജി , വനിതാ സിവിൽ എക്‌സൈസ് ഓഫിസർ അമ്പിളി, അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ നൗഷാദ് , കണ്ണൻ, ഡ്രൈവർ സുരേഷ് ബാബു എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. കോട്ടയം ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി പരിശോധനയ്ക്ക് മേൽനോട്ടം വഹിച്ചു.

18 കേസുകളിലായി 57 ലിറ്റർ മദ്യമാണ് കണ്ടെത്തിയത്. ഒരു കേസിൽ അര ലീറ്ററിന്റെ 18 കുപ്പി മദ്യമാണ് ഉണ്ടായിരുന്നത്. ഒരു കുപ്പിയിൽ 250 രൂപ ലാഭത്തിലാണ് മാഹി മദ്യം ഈ സംഘം കോട്ടയം ജില്ലയിൽ വിറ്റഴിച്ചിരുന്നത്. പത്തു വർഷത്തോളമായി ഇവർ ജില്ലയിൽ മദ്യം വിറ്റിരുന്നതായി എക്‌സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സംഘത്തിന് പണം നൽകി വരുന്ന ഗാന്ധിനഗർ ഭാഗത്ത് ധനകാര്യ സ്ഥാപനം നടത്തുന്ന യുവാവിനെയും എക്‌സൈസ് സംഘം നിരീക്ഷണത്തിൽ വച്ചിട്ടുണ്ട്. നേരത്തെ സാമ്പത്തികമായി മോശം നിലയിൽ കഴിഞ്ഞിരുന്ന ഇയാൾ അടുത്തിടെയാണ് വൻ തോതിൽ പണം സമ്പാദിച്ചത്. ഇയാളും പ്രതികളുമായി ഫോൺ സംഭാഷണങ്ങളും, വാട്‌സപ്പ് ചാറ്റുകളും നടന്നതായി എക്‌സൈസ് സംഘം നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ അടുത്തിടെ സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്ത് ആഡംബര കാറുകൾ വാങ്ങിക്കൂട്ടുകയും ചെയ്തതും സംശയത്തിന് ഇടനൽകിയിട്ടുണ്ട്. ഇത് കൂടാതെ സംക്രാന്തി സ്വദേശിയായ മറ്റൊരു യുവാവിന്റെ ഇടപാടുകളും എക്‌സൈസ് സംഘം നിരീക്ഷിച്ച് വരികയാണ്. ഉന്നത ഉദ്യോഗസ്ഥരും, സൈബർ സെല്ലും ചേർന്നാണ് ഈ യുവാക്കളുടെ ഇടപാടുകൾ നിരീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ കസ്റ്റഡിയിലായ യുവാക്കളെ വീണ്ടും വിശദമായി ചോദ്യം ചെയ്ത് ഇടപാടുകൾ പുറത്ത് കൊണ്ടു വന്നേയ്ക്കുമെന്നും കൂടുതൽ പ്രതികൾ കുടുങ്ങിയേക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.

Hot Topics

Related Articles