തിരുവനന്തപുരം:നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മൃതദേഹം സംസ്കരിച്ചു. മുടവൻമുഗളിലെ കുടുംബവീട്ടുവളപ്പിലായിരുന്നു സംസ്കാര ചടങ്ങുകൾ.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ രാഷ്ട്രീയ സിനിമാ രംഗങ്ങളിലെ പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. പ്രിയപ്പെട്ട അച്ഛമ്മയെ അവസാനമായി ഒരു നോക്ക് കാണുന്നതിനായി പ്രണവ് മോഹൻലാലും മുടവൻമുഗളിലെ വീട്ടിലെത്തിയിരുന്നു.ഇന്ന് പുലർച്ചെയോടെയാണ് മൃതദേഹം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. മൃതദേഹത്തോടൊപ്പം മോഹൻലാലും ഭാര്യ സുചിത്രയും മകൾ വിസ്മയയും ഉണ്ടായിരുന്നു.
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ശാന്തകുമാരിയമ്മയും ഭർത്താവ് വിശ്വനാഥൻ നായരും മക്കളും താമസിച്ചിരുന്ന മുടവൻമുഗളിലെ വീട് മോഹൻലാലിന്റെ കുടുംബത്തിന് ഏറെ പ്രിയപ്പെട്ടതാണ്.
കൊച്ചി എളമക്കരയിലെ വസതിയിൽ വെച്ചാണ് ഇന്നലെ ശാന്തകുമാരിയുടെ അന്ത്യം സംഭവിച്ചത്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ.


