കോട്ടയം : വിഷം കഴിച്ച് ചികിത്സയിലായിരുന്ന കുടുംബത്തിലെ രണ്ടു പേർ മരിച്ചു. അമ്മയും മകളുമാണ് മരിച്ചത്. കോട്ടയം കൂരോപ്പടയിലെ കുടുംബമാണ് ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് ജോസ്‌ന തോമസ്(43), മകള്‍ മരിയ തെരേസ തോമസ്(17) എന്നിവരാണ് മരിച്ചത്. ജോസ്‌നയുടെ ഭർത്താവ് തോമസും മകൻ അലനും ചികിത്സയില്‍ തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴിനാണ് വിഷം കഴിച്ച് വീട്ടില്‍ അവശനിലയില്‍ ഇവരെ കണ്ടെത്തിയത്. ഇവരെ നാട്ടുകാരുടെ സഹായത്തോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്ത് നിന്ന് കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചമുതല്‍ സഹോദരിയെ ബന്ധപ്പെടാനായി ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ വൈകുന്നേരം ജോസ്‌നയുടെ സഹോദരൻ വീട്ടില്‍ എത്തിയപ്പോഴാണ് ഇവരെ അവശനിലയില്‍ കണ്ടത്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. തോമസ് കർഷകനാണ്. ജോസ്ന സഹകരണ ബാങ്കിലെ താത്കാലിക ജോലിക്കാരിയാണ്. മരിയ മറ്റക്കര എച്ച്‌എസ്‌എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.
വിഷം കഴിച്ച് ചികിത്സയിലായിരുന്ന കുടുംബത്തിലെ രണ്ടു പേർ മരിച്ചു ; മരിച്ചത് അമ്മയും മകളും ; അച്ഛനും മകനും ചികിത്സയിൽ


