കോട്ടയം: ജനശതാബ്ദി എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയ്ക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്ത് റെയിൽവേ സംരക്ഷണ സേന. പിറവം റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിന് കല്ലെറിഞ്ഞ കേസിലെ പ്രതിയായ പശ്ചിമ ബംഗാൾ നദിയ നഗറുഖ ഹൈഘിപാര ഹർപാനിയ ജില്ലയിൽ പ്രകാശ് ധാലി(26)യെയാണ് കോട്ടയം ആർ.പി.എഫ് എസ്.എച്ച്.ഒ എൻ എസ് സന്തോഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മാർച്ച് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് ആറരയോടെയാണ് പിറവം റെയിൽവേ സ്റ്റേഷനു സമീപത്തു വച്ച് ജനശതാബ്ദി എക്സ്പ്രസ്സിന്റെ ഡി-7 കോച്ചിനു നേരെ കല്ലേറുണ്ടായത്. കല്ലേറിൽ 104 നമ്പർ സീറ്റിലെ വനിതാ യാത്രക്കാരിയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ട്രെയിനിൻ്റെ ഇടത് ഭാഗത്തു നിന്നാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ഇവരുടെ ഇടത് കൈയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് കല്ലേറുണ്ടായതായി വിവരം ലഭിച്ച ട്രാക്കിനു സമീപം ആർ.പി.എഫ് സംഘം പരിശോധന നടത്തി. പിന്നീട് റെയിൽവേ ട്രാക്കിനടുത്ത് അനധികൃതമായി നിലയുറപ്പിച്ചിരുന്ന രണ്ട് യുവാക്കളെ ശ്രദ്ധിച്ചു. സംഭവ സ്ഥലത്തേക്ക് എത്തിയപ്പോൾ അവരിൽ ഒരാൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. ഈ സംഭവ സ്ഥലത്തുണ്ടായിരുന്ന വെല്ലൂർ കാഞ്ചിരത്ത് അക്ഷയ് കുമാറിനെ (18) ആർ.പി.എഫ് സംഘം പിടികൂടി ചോദ്യം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചോദ്യം ചെയ്തപ്പോൾ ഇരുവരും സമീപത്തെ കള്ള് ഷോപ്പിൽ നിന്ന് കള്ള് കുടിച്ചിരുന്നതായി വിവരം ലഭിച്ചു. തുടർന്ന്, അവരിൽ ഒരാൾ ട്രെയിനിലേക്കു കല്ലെറിഞ്ഞുവെന്നും സംഭവത്തിനുശേഷവും ട്രാക്കിന് സമീപം തന്നെയുണ്ടായിരുന്നുവെന്നും പിടിയിലായ ആൾ ആർ.പി.എഫ് സംഘത്തോട് പറഞ്ഞു. പൊലീസ് സംഘത്തെ കണ്ട് ഓടിരക്ഷപെട്ടയാളാണ് കല്ലെറിഞ്ഞതെന്നും പിടിയിലായ ഇതര സംസ്ഥാന തൊഴിലാളി വെളിപ്പെടുത്തി. തുടർന്ന് ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ,ആർ.പി.എഫ് കോട്ടയം എസ് എച്ച് ഓ എൻ. എസ്. സന്തോഷ്,, ഡി. നാഗബാബു, സബ് ഇൻസ്പെക്ടർ, മനീഷ്, ഹവിൽദാർ, വിനു എന്നിവർ ജിആർപി സ്റ്റാഫിനൊപ്പം വെല്ലൂർ പ്രദേശത്ത് തിരച്ചിൽ നടത്തി.
ചുറ്റുപാടുകൾ മുഴുവൻ പരിശോധിച്ചതിന് ശേഷം പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ പ്രതിയാണ് കല്ലെറിഞ്ഞതെന്നുള്ള വിവരവും ആർ.പിഎഫ് സംഘത്തിന് ലഭിച്ചു. തുർന്ന്, പ്രതിയുടെ കോൺട്രാക്ടർ റെജിയെ ബന്ധപ്പെട്ടു. ഇയാൾ തന്നെ ഇതരസംസ്ഥാന തൊഴിലാളിയായ പ്രതിയെ കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചു. ബംഗാൾ സ്വദേശിയായ പ്രകാശ് ധാലിയെ പിടികൂടി ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാൾക്കൊപ്പം കല്ലെറിഞ്ഞ സമയത്തുണ്ടായിരുന്ന അക്ഷയ്കുമാറിനെതിരെയും റെയിൽവേ സംരക്ഷണ സേന കേസെടുത്തു. പ്രകാശിനെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. അക്ഷയിനെതിരെ കേസെടുത്ത ശേഷം സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.
റെയിൽവേ ട്രാക്കിൽ അനധികൃതമായി പ്രവേശിക്കുകയോ, ട്രാക്കിനകത്തോ ട്രാക്കിന് സമീപത്തായോ മദ്യപിക്കുകയോ ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിൽ എന്തെങ്കിലും പ്രവർത്തികളോ നടത്തുന്നവർക്കെതിരെ റെയിൽവേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ സംരക്ഷണ സേനാ അധികൃതർ അറിയിച്ചു. രാത്രിയും പകലുമായി നടക്കുന്ന സർപ്രൈസ് ചെക്കിങുകളും അംബുഷ് ചെക്കുകളും ഇനി വരും നാളുകളിൽ ഉണ്ടാകുമെന്നും ആർ.പി.എഫ് സംഘം അറിയിച്ചു. ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫ്, അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണർ സുപ്രിയകുമാർ ദാസ് എന്നിവരുടെ നിർദേശപ്രകാരം രാത്രികാല പട്രോളിങ് ശക്തമാക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ എടുക്കുമെന്നും കോട്ടയം ആർ.പി.എഫ് എസ്.എച്ച്.ഒ എൻ എസ് സന്തോഷ് പറഞ്ഞു.


