കോട്ടയം: എംസി റോഡിൽ കുറിച്ചി കാലായിൽപ്പടിയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കടയിലേയ്ക്കു ഇടിച്ചു കയറി തമിഴ്‌നാട് സ്വദേശിയ്ക്കു ദാരുണാന്ത്യം. അപകടത്തിൽ വഴിയാത്രക്കാരായ നാലു പേർക്കും, കാറോടിച്ച തിരുവനന്തപുരം സ്വദേശിയ്ക്കും പരിക്കേറ്റു. തമിഴ്‌നാട് സ്വദേശിയായ സ്വാമി ദൊരെയാണ് മരിച്ചത്. അപകടത്തിൽപ്പെട്ട കാറോടിച്ചിരുന്ന തിരുവനന്തപുരം വിതുര സ്വദേശി വിഷ്ണുവിനും , പ്രദേശവാസിയായ സിവിൽ പൊലീസ് ഓഫിസർക്കും അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ കുറിച്ചി കാലായിപ്പടിയിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നു വരികയായിരുന്നു കാർ. തിരുവനന്തപുരത്തു നിന്നും എറണാകുളത്തിനു പോകുകയായിരുന്നു വിഷ്ണു. ഈ സമയം നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ തട്ടുകടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കടയിൽ നിൽക്കുകയായിരുന്നു സ്വാമി ദൊരെ തല്ക്ഷണം മരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടയിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടമായ കാർ ഇതുവഴി എത്തിയ മറ്റൊരു ബൈക്കിലും ഇടിച്ചു. ഈ സമയം പ്രഭാത സവാരിയ്ക്ക് ശേഷം മറ്റൊരു ബൈക്കിൽ എത്തുകയായിരുന്ന പൊലീസ് ഉദ്യോസ്ഥൻ സഞ്ചരിച്ച ബൈക്കിലും കാറിടിച്ചു. തട്ടുകടയ്ക്കുള്ളിലെ ജീവനക്കാരന് കടയിലെ പാൽ തെറിച്ചു വീണും പൊള്ളലേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് എം സി റോഡിൽ നേരിയ ഗതാഗത തടസവും ഉണ്ടായി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് സ്വാമി ദൊരെയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.