കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ തൃശൂര്‍ വേലൂര്‍ വട്ടേക്കാട്ടില്‍ വീട്ടില്‍ സുബീഷ് (40)ന് ഭക്ഷണം നല്കിത്തുടങ്ങി. കഴിഞ്ഞ ദിവസം ദാതാവായ ഭാര്യ പ്രവിജയ്ക്കും പാനീയങ്ങള്‍ നൽകിയിരുന്നു. കരള്‍ സ്വീകര്‍ത്താവിന്റെയും ദാതാവിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. പ്രവിജയെ ചെവ്വാഴ്ച രാവിലെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. പിന്നീട് മെഡിക്കല്‍ ബോര്‍ഡ് കൂടി വൈകുന്നേരത്തോടെ സുബീഷിനെയും വെന്റിലേറ്ററില്‍ നിന്ന് മാറ്റി.
കോട്ടയം മെഡിക്കല്‍ കോളജിലെ ആദ്യത്തേതും കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ രണ്ടാമത്തേതുമായ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം മേധാവി ഡോ. ആര്‍. എസ്. സിന്ധുവാണ് നേതൃത്വം നല്കിയത്. തുടര്‍ ചികിത്സയ്ക്ക് സുബീഷ് ആറുമാസമെങ്കിലും കോട്ടയത്ത് തുടരേണ്ടിവരും. കരള്‍മാറ്റ ശസ്ത്രക്രിയ അടക്കം രോഗികള്‍ വെയ്റ്റിങ് ലിസ്റ്റിലുണ്ടെന്ന് ഡോ. സിന്ധു പറഞ്ഞു. ആദ്യ ശസ്ത്രക്രിയയായതിനാല്‍ സൗജന്യചികിത്സ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ അടക്കമുള്ള ചെലവ് കണക്കാക്കി എത്ര തുക വേണ്ടി വരുമെന്ന് പിന്നീട് നിശ്ചയിക്കേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുബീഷിന്റെ ചികിത്സാ സഹായ സമിതിയാണ് ആവശ്യമായ ധനസഹായം ചെയ്യുന്നത്. കഴിഞ്ഞ നവംബര്‍ 17നാണ് കോട്ടയം മെഡിക്കല്‍ കോളജിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെത്തുന്നത്. അന്നുതന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിനാല്‍, മെഡിക്കല്‍ കോളജ് പരിസരത്ത് ഒരു വാടക വീട് എടുത്ത് നല്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ആറ് മാസത്തോളം തുടര്‍ ചികിത്സയും, പൂര്‍ണവിശ്രമവും ആവശ്യമായതിനാലാണ് സുബീഷിന്റെ നാട്ടുകാര്‍ ഈ സൗകര്യം ചെയ്തു കൊടുത്തത്.
കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിക്കും ദാതാവിനുമൊപ്പം കര്‍മനിരതരായി തുടരുകയാണ് മെഡിക്കല്‍ സംഘവും. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഗാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍.എസ് സിന്ധു അടക്കം എല്ലാവരും രണ്ടു ദിവസമായി വീട്ടില്‍ പോകാതെ ആശുപത്രിയില്‍ തുടരുകയാണ്. രോഗിയും ദാതാവും പൂര്‍ണമായ ആരോഗ്യം വീണ്ടെടുക്കും വരെ മെഡിക്കല്‍ സംഘം നിരീക്ഷണം തുടരും. ഗാസ്ട്രോ വിഭാഗം ഡോക്ടര്‍മാരായ ഡൊമിനിക് മാത്യു, ജീവന്‍ ജോസ്, തുളസി കോട്ടായി, ഓങ്കോളജി സര്‍ജറി വിഭാഗം മേധാവി ഡോ. ടി.വി. മുരളി, ജനറല്‍ സര്‍ജന്‍ ഡോ. ജോസ് സ്റ്റാന്‍ലി, ഡോ. മനൂപ്, അനസ്‌ത്യേഷ്യ വിഭാഗം മേധാവി ഡോ. ഷീലാ വര്‍ഗീസ്, ഡോ. സോജന്‍, ഡോ. അനില്‍, ഡോ. ദിവ്യ, ഡോ. ടിറ്റോ, ഹെഡ് നേഴ്‌സ് സുമിത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറും മുഴുവന്‍ സമയം പങ്കാളിയായി.