രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ ഭേദഗതിയുമായി കേന്ദ്ര സർക്കാർ: തൊഴിൽ നിയമങ്ങൾ തൊഴിലാളികൾക്ക് ഗുണകരമാകുമോ..? പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ 

ന്യൂഡൽഹി: രാജ്യം അതിപ്രധാനമായ തൊഴിൽ നിയമഭേദഗതിയുടെ കാലത്തിലൂടെ കടന്നു പോകുന്ന സാഹചര്യമാണ്. തൊഴിലാളി സംഘടനകൾ അടക്കം രാജ്യത്ത് വലിയ പ്രതിഷേധവുമായി ഇതിനിടെ കടന്നു പോകുന്നുമുണ്ട്. തൊഴിൽ നിയമങ്ങൾ രാജ്യത്ത് സമ്മിശ്ര പ്രതികരണങ്ങളാണ് നിലവിൽ ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്ത് ഇപ്പോൾ നടപ്പിലാക്കിയ തൊഴിൽ നിയമങ്ങളുടെ ഗുണവശങ്ങളാണ് ജാഗ്രത ന്യൂസ് ലൈവ് ചർച്ചയ്ക്ക് വിധേയമാക്കുന്നത്. 

Advertisements

ഇൻഡസ്ട്രിയൽ റിലേഷൻ കോഡ് 2020 എന്ന പേരിലാണ് രാജ്യത്തെ തൊഴിൽ നിയമചട്ടങ്ങൾ രാജ്യത്ത് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. രാജ്യത്ത് സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിനും ലേ ഓഫിനും ഉള്ള കമ്പനികളിലെ തൊഴിലാളികളുടെ എണ്ണം 100 ൽ നിന്നും 300 ആയി ഉയർത്തി എന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. തൊഴിലാളികളുടെ എണ്ണത്തിൻ്റെ പരിധി വർദ്ധിപ്പിച്ചതോടെ വ്യവസായം നടത്തുന്നതിനുള്ള സാധ്യതകളും, ഇവർക്ക് വേണ്ട പരിഗണനകളും വർദ്ധിപ്പിച്ചു നൽകിയിട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൊഴിലാളികൾക്ക് ഫിക്സഡ് ടേം എംപ്ലോയ്മെൻ്റ് എന്ന പുതിയ തൊഴിൽ സാധ്യതയാണ് ഈ ലേബർ കോഡിലെ ഏറ്റവും പ്രധാനപ്പെട്ടത്. സ്ഥിരം തൊഴിലാളികളുടെ അതേ അവകാശങ്ങളോടെ താല്കാലികമായി തൊഴിലാളികളെ ജോലിയ്ക്ക് എടുക്കാൻ സാധിക്കുന്നതാണ് ഈ പുതിയ നിർദേശം. ഈ നിർദേശം പ്രാബല്യത്തിൽ വന്നതോടെ തൊഴിൽ ഉടമകൾക്ക് ഹ്രസ്വകാല ആവശ്യങ്ങൾക്കായി സ്ഥിരം സംവിധാനത്തോടെ തൊഴിലാളികളെ ജോലിയ്ക്ക് എടുക്കാൻ സാധിക്കും. ഇത് തൊഴിലാളികൾക്കും തൊഴിലുടമയ്ക്കും സൌകര്യപ്രദമായി മാറും. താല്കാലികക്കാരായ തൊഴിലാളികൾക്ക് ഇത് കൂടൂതൽ ഗുണകരമായി മാറും.

പണിമുടക്കിന് എല്ലാ സ്ഥാപനങ്ങളിലും 14 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണമെന്നതാണ് തൊഴിൽ നിയമത്തിലെ മറ്റൊരു ഭേദഗതി. ഇത് തൊഴിലാളികൾക്കും ഒരു പോലെ തന്നെ സ്ഥാപനത്തിനും ഗുണകരമായ ഭേദഗതിയാണ് എന്ന് വിലയിരുത്തുന്നുണ്ട്. തൊഴിലാളികൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അപ്രതീക്ഷിതമായ സമരത്തിലേയ്ക്കു പോയി വേതന നഷ്ടമുണ്ടാകാതെ ചർച്ച ചെയ്ത് പരിഹാരം കാണാനുള്ള അവസരം ലഭിക്കും.ഇത് വഴി തൊഴിലാളികളും തൊഴിൽ ഉടമയും തമ്മിലുള്ള സൌഹാർദപരമായ അന്തരീക്ഷം ശക്തിപ്പെടുകയും ചെയ്യും. 

തൊഴിലാളികളുടെ വിവിധ യൂണിയനുകളെ ഉൾപ്പെടുത്തി ചർച്ചകൾക്കുള്ള സംവിധാനം ഒരുക്കുക എന്ന വലിയ കടമ്പയാണ് ഇപ്പോൾ ചർച്ചാ യൂണിയൻ എന്ന പുതിയ വ്യവസ്ഥയിലൂടെ കേന്ദ്ര സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. നേരത്തെ ഒരു യൂണിയൻ മാത്രമുള്ള സാഹചര്യത്തിൽ രണ്ട് തല ചർച്ചയ്ക്കുള്ള വ്യവസ്ഥയില്ലായിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം 20 ശതമാനം പ്രാതിനിധ്യമുള്ള യൂണിയനെ ചർച്ചാ യൂണിയൻ ആയി അംഗീകരിച്ചിട്ടുണ്ട്. നേരത്തെ 51 ശതമാനം തൊഴിലാളി പ്രാതിനിധ്യമുള്ള യൂണിയന് മാത്രമായിരുന്നു അംഗീകാരമുണ്ടായിരുന്നത്. ഇതിനുള്ള മാറ്റമാണ് ഇപ്പോൾ പുതിയ നിയമപ്രകാരം ഉണ്ടായിരിക്കുന്നത്. 

മുൻപ് തൊഴിലിടങ്ങളിൽ ഇല്ലാതിരുന്ന പരാതി പരിഹാര സംവിധാനമാണ് ഇപ്പോൾ പുതുതായി ആവിഷ്കരിച്ചിരിക്കുന്നത്. ഇത് വഴി തൊഴിലാളികളും ഉടമകളും ഉൾപ്പെടുന്ന കമ്മിറ്റി തൊഴിലിടങ്ങളിൽ രൂപീകരിക്കും. ഇത് വഴി തൊഴിലാളികളുടെ പരാതി ഉടൻ തന്നെ പരിഹരിക്കാൻ സംവിധാനം ക്രമീകരിക്കും. തൊഴിലിൽ നിന്നും പിരിച്ച് വിടപ്പെടുന്ന തൊഴിലാളികൾക്ക് തൊഴിൽ ഉടമകൾ നിർബന്ധമായും നഷ്ടപരിഹാരം നൽകുന്ന റിസ് ക് കില്ലിംങ് ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യണം. ഓരോ തൊഴിലാളിയ്ക്കും 15 ദിവസത്തോളമുള്ള വേതനമാണ് ഇത്തരത്തിൽ നൽകേണ്ടത്. പിരിച്ച് വിടലിനു ശേഷം തൊഴിലാളികൾക്ക് പുതിയ തൊഴിലിലേയ്ക്കു മാറുന്നതിനുള്ള സമയത്ത് സാമ്പത്തിക സഹായവും പരിശീലനവും ഇത് വഴി ലഭിക്കും. 

തൊഴിൽ തർക്കങ്ങൾ അതിവേഗം പരിഹരിക്കാനും, അനന്തമായി നീളുന്നത് ഒഴിവാക്കാനുമായി അതിവേഗ ട്രൈബ്യൂണലും രൂപീകരിച്ചിട്ടുണ്ട്. രണ്ട് ജുഡീഷ്യൽ അംഗവും ഒരു അഡ്മിനിസ്ട്രേറ്ററും ഉൾപ്പെട്ട കമ്മിറ്റിയാണ് ഇപ്പോൾ രൂപീകരിക്കുന്നത്. തൊഴിൽ തർക്കങ്ങളിൽ ഒരു വർഷത്തിനുള്ളിൽ തീർപ്പ് കൽപ്പിക്കേണ്ടതാണ് എന്ന വ്യവസ്ഥയും ഇതിനുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ തർക്കങ്ങൾ അതിവേഗം പരിഹരിക്കാൻ ഇത് വഴി സാധിക്കും. 

അധിക വൈദ്യുതി ഉപയോഗിക്കുന്ന സ്ഥാപനങ്ങളെ ഫാക്ടറി എന്ന നിലയിൽ പരിഗണിക്കുന്നതിന് ആവശ്യമായ തൊഴിലാളികളുടെ സംഖ്യ 10 ൽ നിന്നും 20 ആയി ഉയർത്തി. വൈദ്യുതി ഉപയോഗിക്കാത്ത സ്ഥാപനങ്ങളിലെ തൊഴിലാളി സംഖ്യ 20 ൽ നിന്നും 40 ആയും വർദ്ധിപ്പിച്ചിട്ടുണ്ട്. കരാർ തൊഴിലാളികളുടെ വ്യവസ്ഥ ബാധകമാകുന്ന തൊഴിൽ യൂണിറ്റുകളിലെ തൊഴിലാളികളുടെ സംഖ്യ 20 ൽ നിന്നും 50 ആയി ഉയർത്തുന്നതിനാൽ ചെറിയ നിർമ്മാണ യൂണിറ്റുകൾക്ക് മറ്റ് തടസങ്ങൾ ഒന്നുമില്ലാതെ ഇവിടെ പ്രവർത്തിക്കാൻ സാധിക്കും. 

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ സൌകര്യം ഒരുക്കേണ്ടതിൻ്റെ ഉത്തരവാദിത്വം സ്ഥാപനങ്ങൾക്ക് ആകുന്ന രീതിയിൽ പുതിയ നിർദേശം വ്യവസ്ഥ ചെയ്യുന്നു. സ്ത്രീകൾക്ക് എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളോടെയും രാത്രി ഷിഫ്റ്റ് അടക്കം ജോലി ചെയ്യാനുള്ള സൌകര്യമാണ് പുതിയ കോഡ് വാഗ്ദാനം ചെയ്യുന്നത്. അത് കൂടാതെ പുരുഷന്മാർക്ക് തുല്യമായ വേദനം ഉറപ്പുവരുത്തുകയും ഇവിടെ ചെയ്യുന്നു. ലൈസൻസുകൾ രാജ്യത്തെമ്പാടും ഒറ്റ ഒരെണ്ണം മതിയെന്ന സ്ഥിതി ഉണ്ടാക്കുന്നു. അഞ്ചു വർഷത്തേയ്ക്കാവും ലൈസൻസുകളുടെ അംഗീകാരം. ഇത് പുതുക്കലിനും ലൈസൻസ് നൽകലിനുമുള്ള വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. 

പ്രവാസി തൊഴിലാളികളുടെ നിർവചനത്തിലും പുതിയ കോഡ് മാറ്റം വരുത്തിയിട്ടുണ്ട്. മുൻപ് തൊഴിലാളി കരാർ അടിസ്ഥാനത്തിൽ നിയമിച്ചവരെ മാത്രമാണ് പ്രവാസി തൊഴിലാളികളായി അംഗീകരിച്ചിരുന്നത്. എന്നാൽ പുതിയ കോഡ് വരുന്നതോടെ ഇതിനും മാറ്റമുണ്ടാകും. ഇത്തരത്തിൽ എത്തുന്ന പ്രവാസി തൊഴിലാളികൾക്ക് കൈമാറ്റാവകാശമുള്ള ആനുകൂല്യങ്ങളും, നിയമപരമായ തിരിച്ചറിയൽ രേഖകളും ലഭിക്കും. ഇത്തരത്തിൽ തൊഴിൽ ഉടമ നേരിട്ട് നിയമിച്ചവരെയും ഇത്തരം കോഡ് തൊഴിൽ നിയമങ്ങളുടെ പരിധിയിൽ കൊണ്ടു വരുന്നുണ്ട്. ഇത്തരത്തിൽ പ്രവാസി തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി ഡേറ്റാബേസും രൂപീകരിച്ചിട്ടുണ്ട്. 

ഇത് കൂടാതെ ഇവർക്ക് സംസ്ഥാനത്തേയ്ക്കും പുറത്തേയ്ക്കുമുള്ള വാർഷിക യാത്രാ ബത്തയും നൽകുന്നതിനും കോഡ് വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്രവാസി തൊഴിലാളികൾക്ക് ഇൻഷ്വറൻസ്, ഭവനം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള അംഗീകാരവും വർദ്ധിപ്പിച്ചു നൽകുന്നുണ്ട്. ബീഹാറിൽ ജനിച്ചു വളർന്ന തൊഴിലാളി ഡൽഹിയിൽ ജോലി ചെയ്താലും അവൻ്റെ അവകാശങ്ങൾ അവനെ പിൻതുടരുന്നുണ്ട് എന്ന് പുതിയ കോഡ് ഉറപ്പ് നൽകുന്നു. 

എല്ലാ തൊഴിലാളികൾക്കും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ പുതിയ കോഡ് ഉറപ്പ് വരുത്തുന്നു. ഡെലിവറി ബോയ്സ്, കാബ് ഡ്രൈവർമാർ എന്നിവർ അടങ്ങിയ തൊഴിലാളികൾക്ക് നേരത്തെ ആരോഗ്യ ഇൻഷ്വറൻസും പെൻഷൻ ആനുകൂല്യങ്ങളും ഉണ്ടായിരുന്നില്ല. പുതിയ സംവിധാനം അനുസരിച്ച് ഇവയെല്ലാം ഇവർക്ക് അനുവദിച്ചു നൽകുന്നുണ്ട്. 

നേരത്തെ പത്തിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് ഇ.എസ്.ഐ പരിരക്ഷ അനുവദിച്ചു നൽകിയിരുന്നില്ല. എന്നാൽ പുതിയ കോഡ് പ്രാബല്യത്തിൽ വരുന്നതോടെ 10 തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങൾക്കും അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്കും പുതിയ കോഡ് പരിരക്ഷ നൽകുന്നു. സൊമാറ്റോ, യൂബർ ഡ്രൈവർമാർ എന്നിവർക്കും ഇനി തൊഴിൽ ഉടമയുടെ നിർദേശത്തോടെ ഇ.എസ്.ഐ ആനുകൂല്യം ലഭിക്കും. 

സ്ത്രീകൾക്ക് പുതിയ കോഡ് കൂടുതൽ പരിരക്ഷ നൽകുന്നു. പ്രസവാവധിയ്ക്ക് ശേഷം തിരികെ ജോലിയിൽ പ്രവേശിക്കുന്ന സ്ത്രീകൾക്ക് 50 ദിവസം വരെ വർക്ക് ഫ്രം ഹോം അനുവദിക്കുന്നതിനും കോഡ് വ്യവസ്ഥ ചെയ്യുന്നു. ഇത് കൂടാതെ അൻപതിൽ കൂടുതൽ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങളിൽ നിർബന്ധമായും കുട്ടികൾക്കായി ക്രഷ് സംവിധാനം വേണമെന്നും വ്യവസ്ഥയുണ്ട്. 

ഇത് കൂടാതെ എല്ലാ തൊഴിലാളികൾക്കും വർഷത്തിൽ ഒരു തവണ എങ്കിലും ആരോഗ്യ പരിശോധനയും പുതിയ കോഡ് ഉറപ്പാക്കുന്നു. ഇതും തൊഴിൽ ഉടമയുടെ നേതൃത്വത്തിൽ വേണമെന്നും കോഡ് വ്യവസ്ഥ ചെയ്യുന്നു. ഇനി ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും തൊഴിൽ ഉടമ നിർബന്ധമായും നിയമന ഉത്തരവ് നൽകണം. ശമ്പളം അടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള കത്ത് വേണം തൊഴിൽ ഉടമ നൽകേണ്ടത്. തൊഴിലാളികളുടെ തൊഴിൽ സുരക്ഷയും ഔപചാരികതയും ഈ കത്ത് ഉറപ്പ് നൽകുന്നു. 

മുൻപ് തൊഴിലന്വേഷകർക്കും തൊഴിൽ ദാതാക്കൾക്കും ഒന്നിച്ചുള്ള ഒരു ഏകീകൃത പ്ലാറ്റ് ഫോം ഉണ്ടായിരുന്നില്ല. എന്നാൽ, പുതിയ രീതി പ്രകാരം National Career Service (NCS) എന്ന് പ്ലാറ്റ് ഫോം വഴി തൊഴിൽ അന്വേഷകർക്കും തൊഴിൽ ദാതാക്കൾക്കും ഒന്നിച്ച് രജിസ്റ്റർ ചെയ്യാം. ഇത് വഴി തൊഴിലാളികൾക്കും തൊഴിൽ ദാതാക്കൾക്കും ഒരു പോലെ സൌകര്യപ്രദമായ രീതിയിൽ കരിയർ ഉപദേശം തേടുകയും ഒഴിവുകൾ കണ്ടെത്തുകയും ചെയ്യാനും സാധിക്കും.

Hot Topics

Related Articles