രാസവസ്തുക്കൾ ചേർത്ത മെഷീൻ പത്തിരിയും മാനദണ്ഡങ്ങൾ പാലിക്കാത്ത പലഹാര സ്റ്റാളുകളും: റമദാൻ വിപണിയിൽ ജാഗ്രത വേണം

കോട്ടയം: റമദാൻ മാസത്തിൽ നോമ്പുതുറ വിഭവങ്ങളിൽ പ്രധാനിയായ ‘മെഷീൻ പത്തിരികൾ’ വാങ്ങുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. വലിയ പെരുന്നാൾ ഓർഡറുകളും പതിനേഴ് , ഇരുപത്തി ഏഴ് രാവുകളിലെ പ്രത്യേക പരിപാടികളും പ്രമാണിച്ച് പല നിർമ്മാണ യൂണിറ്റുകളും തലേദിവസം മുതൽ തന്നെ പത്തിരികൾ അടിച്ചു കൂട്ടുകയാണ് ചെയ്യുന്നത്. പത്തിരി ദീർഘനേരം സോഫ്റ്റ് ആയി ഇരിക്കാനും, വലിയ തോതിൽ അടുക്കി കെട്ടിവെക്കുമ്പോൾ ദുർഗന്ധം വരാതിരിക്കാനും പലപ്പോഴും കൃത്രിമ രാസവസ്തുക്കൾ ചേർക്കുന്നുണ്ട്. 

Advertisements

ഇവ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം അനുവദനീയമായ അളവിൽ ആണെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുമെങ്കിലും, ഇവ കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചകളാണ് സംഭവിക്കുന്നത്. പാക്കറ്റ് പൊട്ടിച്ചാൽ അത് നിശ്ചിത സമയത്തിനുള്ളിൽ ഉപയോഗിക്കണമെന്നോ, കൃത്യമായ താപനിലയിൽ സൂക്ഷിക്കണമെന്നോ ഉള്ള നിയമങ്ങൾ പലപ്പോഴും പാലിക്കപ്പെടുന്നില്ല. പകൽ മുഴുവൻ നോമ്പെടുത്ത് വൈകുന്നേരം ഇത്തരം രാസവസ്തുക്കൾ കലർന്ന പത്തിരി കഴിക്കുന്നത് പലരിലും അലർജിക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

​മറ്റൊരു പ്രധാനപ്പെട്ട നിയമലംഘനം നടക്കുന്നത് ഇത്തരം പത്തിരികളുടെ പാക്കിംഗിലാണ്. അൻപതു എണ്ണത്തിന്റെ കെട്ടുകൾ ആയാണ് പല യൂണിറ്റുകളും പത്തിരികൾ വിതരണം ചെയ്യുന്നത്. എന്നാൽ ഈ കെട്ടുകളിൽ നിർമ്മിച്ച തീയതി (Date of Manufacturing), കാലാവധി (Expiry Date), നിർമ്മാണ സ്ഥാപനത്തിന്റെ പേര് തുടങ്ങിയ യാതൊരു വിവരങ്ങളും രേഖപ്പെടുത്താറില്ല. ഇത് വ്യക്തമായ നിയമലംഘനമാണ്. പല കടകളിലും ഇത്തരം യൂണിറ്റുകളിൽ നിന്നെടുത്ത് റീ-സെയിൽ (Resale) നടത്തുകയാണ് ചെയ്യുന്നത്. ഇത് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഈ പത്തിരി എപ്പോൾ നിർമ്മിച്ചതാണെന്നോ എവിടെ നിർമ്മിച്ചതാണെന്നോ അറിയാൻ സാധിക്കില്ല. ഇത്തരം വിവരങ്ങൾ ഇല്ലാത്ത ഭക്ഷണസാധനങ്ങൾ വിപണിയിൽ എത്തിക്കുന്നത് ഉപഭോക്താക്കളെ വഞ്ചിക്കലാണ്.

​റമദാൻ സീസണിലെ അമിത തിരക്ക് കണക്കിലെടുത്ത് പല സ്ഥാപനങ്ങളും ഹെൽത്ത് കാർഡ് പോലുമില്ലാത്ത താൽക്കാലിക ജീവനക്കാരെയും സ്കൂൾ കുട്ടികളെയും വരെ ജോലിക്ക് നിയോഗിക്കുന്നുണ്ട്. നിലവിൽ കേരളത്തിൽ ചുമയും മറ്റു പകർച്ചവ്യാധികളും വ്യാപകമായി പടരുന്ന സാഹചര്യത്തിൽ, കൃത്യമായ ആരോഗ്യ പരിശോധന ഇല്ലാത്തവർ ഇത്തരം ഭക്ഷണശാലകളിൽ ജോലി ചെയ്യുന്നത് വലിയ ഭീഷണിയാണ്. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് കൃത്യമായ ഹെൽത്ത് കാർഡ് ഉണ്ടോ എന്ന് ആരോഗ്യവകുപ്പും ബന്ധപ്പെട്ട അധികാരികളും കർശനമായി പരിശോധിക്കേണ്ടതുണ്ട്. ഹെൽത്ത് കാർഡ് ഇല്ലാത്തവർ ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നത് രോഗവ്യാപനത്തിന് നേരിട്ട് കാരണമാകുന്നു. ഇതോടൊപ്പം തന്നെ റമദാൻ മാസത്തിൽ മാത്രം മുളച്ചുപൊന്തുന്ന വഴിയോരത്തെ പലഹാര സ്റ്റാളുകളും വലിയ ഭീഷണിയാണ്. 

യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ റോഡരികിൽ ഡെസ്കുകൾ ഇട്ട് നിരത്തിവെക്കുന്ന എണ്ണക്കടികൾക്ക് പലപ്പോഴും ലൈസൻസുകൾ ഉണ്ടാവാറില്ല. വാഹനങ്ങളിൽ നിന്നുള്ള പുകയും പൊടിയും നേരിട്ട് ഏൽക്കുന്ന രീതിയിലാണ് ഇത്തരം വിഭവങ്ങൾ വിൽക്കപ്പെടുന്നത്. ശുചിത്വമില്ലാത്ത രീതിയിൽ കൈകാര്യം ചെയ്യുന്ന ഈ വിഭവങ്ങൾ വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.

​ഈ സാഹചര്യത്തിൽ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും (പഞ്ചായത്തുകൾ) തങ്ങളുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവ്വഹിക്കേണ്ടതുണ്ട്. ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരെ വെച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത വഴിയോര കച്ചവടങ്ങൾക്കെതിരെയും കർശനമായ നടപടി സ്വീകരിക്കണം. ഓരോ വാർഡുകളിലും കൃത്യമായ പരിശോധനകൾ നടത്താൻ പഞ്ചായത്ത് തലത്തിൽ സ്ക്വാഡുകൾ രൂപീകരിക്കേണ്ടതുണ്ട്. ഭക്ഷണത്തിൽ ചേർക്കുന്ന രാസവസ്തുക്കളുടെ അളവും അവ സൂക്ഷിക്കുന്ന രീതിയും പരിശോധിക്കപ്പെടണം. നോമ്പുകാർ തങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് പരമാവധി വീടുകളിൽ തന്നെ തയ്യാറാക്കുന്ന പത്തിരിയും വിഭവങ്ങളും കഴിക്കാൻ ശ്രദ്ധിക്കണം. ലേബലുകൾ ഇല്ലാത്തതും നിർമ്മാണ തീയതി വെക്കാത്തതുമായ ഭക്ഷണപ്പൊതികൾ വാങ്ങാതിരിക്കുക. ലാഭക്കൊതി മൂത്ത് ജനങ്ങളുടെ ആരോഗ്യം വെച്ച് പന്താടുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആവശൃപ്പെട്ടു.

Hot Topics

Related Articles