ചിത്രം : മലങ്കര മെത്രാപ്പോലീത്താ സ്ഥാനാരോഹണ വാർഷികദിനത്തിൽ പരുമല സെമിനാരിയിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ പൂക്കൾ സമ്മാനിച്ച കുട്ടികൾക്കൊപ്പം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, എബ്രഹാം മാർ എപ്പിഫാനിയോസ് എന്നീ മെത്രാപ്പോലീത്താമാർ സമീപം.
പരുമല : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മലങ്കര മെത്രാപ്പോലീത്തായായി അഭിഷിക്തനായതിന്റെ നാലാം വാർഷികം പരുമല സെമിനാരിയിൽ ആഘോഷിച്ചു. രാവിലെ പരുമല സെമിനാരിയിൽ പരിശുദ്ധ കാതോലിക്കാ ബാവാ വിശുദ്ധ കുർബാനയർപ്പിച്ചു. തുടർന്ന് ചേർന്ന അനുമോദന സമ്മേളനത്തിൽ മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ സ്വാഗതം ആശംസിച്ചു. പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷതവഹിച്ചു. അഭി. എബ്രഹാം മാർ എപ്പിഫാനിയോസ്, അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, അഭി. ഡോ. ഏബ്രഹാം മാർ സെറാഫിം,വൈദിക ട്രസ്റ്റി ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, പരുമല സെമിനാരി മാനേജർ ഫാ. എൽദോസ് ഏലിയാസ് എന്നിവർ ആശംസകൾ നേർന്നു. ദൈവകൃപയുടെ നാല് വർഷങ്ങളാണ് കടന്നുപോകുന്നതെന്നും, വെല്ലുവിളികളുടെയും, പ്രതിസന്ധികളുടെയും കാലഘട്ടത്തിൽ ദൈവാശ്രയബോധത്തോടെ സഭയെ നയിക്കാൻ ഏവരുടെയും പ്രാർത്ഥനകളുണ്ടാകണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2021 ഒക്ടോബർ 14 -ന് പരുമലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ വെച്ചാണ് പരിശുദ്ധ കാതോലിക്കാ ബാവായെ മലങ്കര മെത്രാപ്പോലീത്തായായി തെരഞ്ഞെടുത്തത്. 2021 ഒക്ടോബർ 15ന് പൗരസ്ത്യ കാതോലിക്കായായി വാഴിച്ചു. പരിശുദ്ധ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണത്തിന്റെ നാലാം വാർഷികം ഇന്ന് നടക്കും. മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ രാവിലെ 7ന് വിശുദ്ധ കുർബാനയർപ്പിക്കും. 10മണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ചേരുന്ന സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ അഖില മലങ്കര സമ്മേളനത്തിൽ പരിശുദ്ധ ബാവായെ അനുമോദിക്കും.


