കായംകുളം:എംബിബിഎസ് കോഴ്സിന് പ്രവേശനം വാങ്ങി നല്‍കാമെന്ന് വ്യാജ തട്ടിപ്പിൽ ലക്ഷങ്ങള്‍ തട്ടിയെടുത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു.കായംകുളം എരുവ ജോണ്സണ് വില്ലയില്‍ ജോണ്സണ് (42) ആണ് അറസ്റ്റിലായത്. കറ്റാനം സ്വദേശിയുടെ മകള്‍ക്ക് കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജില്‍ അഡ്മിഷൻ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതി 43 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. തുടർന്ന് കറ്റാനം സ്വദേശി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ എറണാകുളത്തെ ഒളിത്താവളത്തില്‍നിന്ന് പൊലീസ് പിടികൂടിയത്.
പ്രതി ഇതേ രീതിയില്‍ പലരില്‍നിന്നും രണ്ടു കോടി രൂപയിലധികം കൈക്കലാക്കി അഡ്മിഷൻ ശരിയാക്കി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതെ ഒരു വർഷത്തിലധികമായി കായംകുളത്തു നിന്നും എറണാകുളത്തും മറ്റ് സ്ഥലങ്ങളിലുമായി മാറിമാറി ഒളിവില്‍ താമസിച്ചു വരികയായിരുന്നു. തൃപ്പൂണിത്തുറ ഹില്‍പാലസ്, നെടുമങ്ങാട്, കരീലക്കുളങ്ങര എന്നിവിടങ്ങളില്‍ സമാന രീതിയിലുള്ള കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറത്തികാട് ഇൻസ്പെക്ടർ മോഹിതിന്റെ നേതൃത്വത്തില്‍ എഎസ്ഐ രാജേഷ് ആർ നായർ, എഎസ്ഐ. രജീന്ദ്രദാസ്, സീനിയർ സിവില്‍ പൊലീസ് ഓഫിസര്‍ ശ്യാംകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാള്‍ കൂടുതല്‍ പേരില്‍ നിന്ന് പണം തട്ടിയതായി സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.


