വിലായത്ത് ബുദ്ധ  വാഷൌട്ടായി; ഒരു ഒടിടിയും ഏറ്റെടുത്തില്ല ; തകർന്ന ചിത്രത്തിൻ്റെ കഥ തുറന്ന് പറഞ്ഞ് നിർമ്മാതാവ് 

മറയൂരിലെ മലമുകളില്‍ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മില്‍ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് ജിആർ ഇന്ദുഗോപൻ എഴുതിയ വിലായത്ത് ബുദ്ധ. അതേ നോവലിനെ ആസ്പദമാക്കി പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ ഒരുക്കിയ ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തുവയ്ക്കുന്ന ചിത്രങ്ങള്‍ സമ്മാനിച്ച സച്ചി അയ്യപ്പനും കോശിക്കും ശേഷം സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. ആവേശപ്പെടുത്തുന്ന അനൗണ്‍സ്മെന്റുകള്‍ക്കും വലിയ ഹൈപ്പുകള്‍ക്കും ശേഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. പക്ഷേ കനത്ത പരാജയമാണ് ഈ ചിത്രം ഏറ്റുവാങ്ങിയത്. 30 കോടിയിലധികം ചെലവഴിച്ച്‌ നിര്‍മ്മിച്ച ഈ ചിത്രം വെറും ആറ് കോടി മാത്രമാണ് സ്വന്തമാക്കിയത്.

Advertisements

ഇപ്പോഴിതാ വിലായത്ത് ബുദ്ധയുടെ കനത്ത പരാജയത്തെക്കുറിച്ചും അതിലൂടെ വന്ന നഷ്ടത്തെക്കുറിച്ചും സംസാരിക്കുകയാണ് നിർമാതാവ് എ വി അനൂപ്. സോഷ്യല്‍ മീഡിയയില്‍ ഫസ്റ്റ് ഡേ തന്നെ ഒരുപാട് നെഗറ്റീവ് റെസ്‌പോണ്‍സാണ് സിനിമയ്ക്ക് കിട്ടിയതെന്നും കൈ പൊളിക്കുകയല്ല മറിച്ച്‌ വാഷ് ഔട്ട് ചെയ്യുകയായിരുന്നു സിനിമയെന്നുമാണ് അനൂപ് പറയുന്നത്. വിലായത്ത് ബുദ്ധയില്‍ കൈ പൊള്ളിയോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് അനൂപ് മറുപടി പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

”തീര്‍ച്ചയായിട്ടും…സത്യം പറഞ്ഞാല്‍ കൈ പൊള്ളിക്കുകയല്ല, വാഷൗട്ടായിരുന്നു വിലായത്ത് ബുദ്ധ. വലിയ പ്രതീക്ഷയുണ്ടായിരുന്ന പടമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഫസ്റ്റ് ഡേ തന്നെ ഒരുപാട് നെഗറ്റീവ് റെസ്‌പോണ്‍സാണ് ആ സിനിമക്ക് ലഭിച്ചത്. കുറച്ച്‌ ലാഗ് ഉണ്ടായിരുന്നു എന്നത് സത്യമാണെങ്കിലും സിനിമ തീരെ മോശമാണെന്ന് പറയാൻ പറ്റില്ല. വളരെ പ്രസിദ്ധമായ നോവലിനെ അടിസ്ഥാനപ്പെടുത്തി എടുത്ത സിനിമയാണ്, ചിലപ്പോള്‍ വിലായത്ത് ബുദ്ധ എന്ന പേര് നെഗറ്റീവ് അടിച്ചതാവാം ആളുകള്‍ക്ക്. എന്താണെന്ന് മനസില്‍ ആയി കാണില്ല. വലിയ എഫര്‍ട്ടും ബജറ്റുമൊക്കെ ഇട്ട് ഒരുക്കിയ പടമായിരുന്നു. പക്ഷേ, വിചാരിച്ച പോലെ ഹിറ്റായില്ല.

ഇതിന് മുമ്പ് പൃഥ്വിയെ നായകനാക്കി ഞാന്‍ പ്രൊഡ്യൂസ് ചെയ്ത ‘എസ്ര’ വലിയ ഹിറ്റായി. അതുവരെയുള്ള പൃഥ്വിയുടെ കരിയറില്‍ ഏറ്റവും വലിയ ഓപ്പണിങ് കിട്ടിയ പടം എസ്രയായിരുന്നു. തൊട്ടു മുന്നേ ചെയ്ത സൂക്ഷ്മദർശിനിയും വലിയ ഹിറ്റായിരുന്നു. പക്ഷേ, വിലായത്ത് ബുദ്ധ പ്രതീക്ഷിച്ചതുപോലെ വന്നില്ല. ഇതുവരെ ആ പടം ഒ.ടി.ടിയിലും വിറ്റുപോയിട്ടില്ല. റിലീസിന് മുമ്പ് ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോമുമായി എഗ്രിമെന്റ് ഒപ്പിട്ടതായിരുന്നു. പക്ഷേ, പടം ഫ്ലോപ്പായപ്പോള്‍ അവര്‍ അതില്‍ നിന്ന് പിന്മാറി. ഒടിടി ഒക്കെ ഇപ്പോള്‍ സിനിമ വളരെ ശ്രദ്ധിച്ചാണ് എടുക്കുന്നത്…” എ.വി അനൂപ് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് എ. വി അനൂപിന്റെ പ്രതികരണം.

ചന്ദന മോഷ്ടാവായ ഡബിള്‍ മോഹനൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തിയത്. ഉർവ്വശി തിയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ എവിഎ പ്രൊഡക്ഷൻസിനു വേണ്ടി എ.വി അനൂപും ചേര്‍ന്നാണ് ഈ ചിത്രം ഒരുക്കിയത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ‘വിലായത്ത് ബുദ്ധ’യുടെ തിരക്കഥ ഒരുക്കിയത്. ഷമ്മി തിലകൻ, രാജശ്രീ, പ്രിയംവദ, അനു മോഹൻ, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

Hot Topics

Related Articles