തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി നടൻ മോഹൻലാൽ. കലോത്സവം മത്സരമല്ലെന്നും ഉത്സവമാണെന്നും ജയപരാജയങ്ങള്‍ക്ക് അപ്പുറം മുന്നിലുള്ള അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി മുന്നേറണമെന്ന് മോഹൻലാൽ പറഞ്ഞു. കലാകാരൻ എന്ന നിലയിൽ തന്നെ ഈ വേദിയോട് വലിയ ആദരമാണുള്ളതെന്നും യുവ പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ആഘോഷമാണിതെന്നും മോഹൻലാൽ പറഞ്ഞു. കലാകാരന്മാരും കലാകാരികളും കഴിവുകളെ ഈ വേദിയിലേക്ക് മാത്രമായി ചുരുക്കാതെ കഴിവുകള്‍ മിനുക്കിയെടുത്ത് അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇവിടെ ജയപരാജയങ്ങള്‍ അപ്രസക്തമാണ്. സമ്മാനങ്ങള്‍ നേടാനാകാത്തവരാരും മോശക്കാരാകുന്നില്ല. ഈ ബോധ്യമാണ് അവരിൽ ഉറപ്പിക്കേണ്ടത്. കൂട്ടായ്മയുടെയും പങ്കുവെക്കലിന്‍റെയും തിരിച്ചറിവാണ് കലോത്സവം സമ്മാനിക്കുന്നത്.
തോൽവി വിജയത്തിലേക്കുള്ള പടവാണെന്ന തിരിച്ചറിവാണ് അവര്‍ക്ക് നൽകുന്നത്. കലോത്സവങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രസക്തി തിരിച്ചറിഞ്ഞ് അതിനായി ഇത്രയധികം തുകയും ഒരുക്കവും നടത്തുന്ന സര്‍ക്കാരിനോട് നന്ദിയുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ ഇത്രയും ജനപ്രീതിയാര്‍ച്ചിട്ടും പല സംവിധായകരും സ്കൂള്‍ കലോത്സവത്തിൽ പ്രതിഭകളെ തേടിയെത്തുന്നുണ്ട്. മലയാള സിനിമക്കും യുവജനോത്സവങ്ങള്‍ കുറെയെറെ പ്രതിഭകളെ സമ്മാനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഞ്ജു വാര്യര്‍, നവ്യ നായര്‍, യദു കൃഷ്ണൻ, ശരത് ദാസ് തുടങ്ങിയവരൊക്കെ കലോത്സവ വേദികളിലെ സമ്മാനങ്ങളാണ്. ഏതുവേഷം ധരിച്ചാണ് ഇവിടെ എത്തുന്നതെന്നാണ് എല്ലാവരും ചോദിച്ചതെന്നും എല്ലാവര്‍ക്കും ഇഷ്ടപെടുന്ന കൈത്തറിയാണ് ധരിച്ചതെന്നും മോഹൻലാൽ പറഞ്ഞു. കുട്ടികള്‍ക്ക് വേണ്ടി ചെറുതായി മീശ പിരിച്ചിട്ടുണ്ടെന്നും മോഹൻലാൽ പറഞ്ഞു. മോഹൻലാലിനെ നിറഞ്ഞ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. വടക്കുംനാഥനെ വണങ്ങിയാണ് മോഹൻലാൽ പ്രസംഗം ആരംഭിച്ചത്.
64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വി ശിവൻകുട്ടിയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിനന്ദിച്ചു. കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് കാസര്‍കോട്ടെ സിയ ഫാത്തിമക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിലാണ് മന്ത്രി വി ശിവൻകുട്ടിയെ വേദിയിൽ വെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിനന്ദിച്ചത്. യാത്ര ചെയ്യാൻ ബുദ്ധിമുട്ട് നേരിട്ട സിയ ഫാത്തിമക്ക് വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി എച്ച് എസ് വിഭാഗം അറബിക് പോസ്റ്റര്‍ രചനാ മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു.


