കൊടും ചൂടില്‍ ഹൂഡിയണിഞ്ഞ് ഒരു യുവാവ് : രാജ്യത്തെ നടുക്കിയ കൊലക്കേസിൽ പ്രതി കുടുങ്ങിയത് ഇങ്ങനെ

പൂനെ: വിവാഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രതിശ്രുത വരനെ പ്രതിശ്രുത വധു കൊലപ്പെടുത്തിയത്തിന്റെ നടുക്കത്തിലാണ് പൂനെ നിവാസികള്‍. നവംബറില്‍ വിവാഹം നടക്കാനിരിക്കെ പ്രമുഖ വ്യവസായിയായ വിശാല്‍ അഗർവാളിന്റെ മകൻ കേതൻ വിശാല്‍ അഗർവാളാണ് (26) മരിച്ചത്. കൊന്നത് പ്രതിശ്രുത വധു സിയ ഗോയലും (20). കാമുകൻ ചേതൻ ബാബുലാല്‍ ചൗധരിയോടൊപ്പം (22) ജീവിക്കാൻ സിയ കാമുകനൊപ്പം ചേർന്ന് കേതനെ കൊലപ്പെടുത്തുകയായിരുന്നു.

Advertisements

ബേക്കറി സ്വന്തമായുള്ള സിയ കഴിഞ്ഞവർഷം നടന്ന ബിസിനസ് മീറ്റിംഗിലാണ് ഡ്രൈ ഫ്രൂട്ട്‌സ് ബിസിനസ് നടത്തുന്ന ചേതനെ കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇതിനിടെയാണ് സക്‌സസ് ഗ്രൂപ്പ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഡയറക്ടറും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ കേതനുമായി കഴിഞ്ഞ ഫെബ്രുവരിയില്‍ സിയയുടെ വിവാഹനിശ്ചയം നടന്നത്. എന്നാല്‍ സിയയ്ക്ക് കേതനുമായുള്ള ബന്ധത്തില്‍ അസുന്തഷ്ടനായിരുന്ന കാമുകൻ ഇയാളെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. കേതൻ കൊക്കയില്‍ വീണുമരിക്കുകയായിരുന്നു. അബദ്ധത്തില്‍ വീണുമരിച്ചതാണെന്നാണ് ആദ്യം വന്ന റിപ്പോർട്ടുകള്‍. എന്നാല്‍ തള്ളിയിട്ടുകൊലപ്പെടുത്തിയതാണെന്ന് പിന്നീട് തെളിയുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസിന്റെ ഒരു സംശയമാണ് കൊലപാതകം തെളിയാൻ കാരണമായത്. ജൂണിലെ 33 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ഒരു യുവാവ് ഹൂഡിയണിഞ്ഞ് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞത് പൊലീസില്‍ സംശയമുദിക്കാൻ കാരണമാവുകയായിരുന്നു. ലോഹഗഡ് കോട്ടയില്‍വച്ച്‌ ചിത്രങ്ങള്‍ പകർത്തുന്നതിനിടെ സിയയും കാമുകനും ചേർന്ന് കേതനെ 400 അടി താഴ്ചയിലേക്ക് തള്ളിയിടുകയായിരുന്നു. കോട്ടയുടെ ടിക്കറ്റ് കൗണ്ടറിലെ സിസിടിവിയിലാണ് ഹൂഡി ധരിച്ച യുവാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

ജൂണ്‍ 18നാണ് കൊല നടന്നത്. കേതനെയും സിസയെയും ഹൂഡി ധരിച്ച യുവാവ് പിന്തുടരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. പിന്നീട് ഇത് ചേതൻ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഷോർട്‌സും ഹൂഡിയുമാണ് യുവാവ് ധരിച്ചിരുന്നത്. മുഖം മറയ്ക്കുന്ന രീതിയിലായിരുന്നു ഹൂഡിയുടെ മുൻവശം. ഹൂഡിക്ക് മുകളിലായി ഹെഡ് സെറ്റും ധരിച്ചിരുന്നു. സിയയും കേതനും ഒരുമിച്ച്‌ നടക്കുമ്പോള്‍ ഈ യുവാവ് പിന്തുടരുന്നുണ്ടായിരുന്നു. സിയ പെട്ടെന്ന് പിറകിലേയ്ക്ക് നോക്കുന്നതും ഇതേ സമയം ഈ യുവാവ് പെട്ടെന്ന് ഇരിക്കുന്നതും മറ്റൊരു ദൃശ്യത്തില്‍ പതിഞ്ഞിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

അന്നത്തെ കാലാവസ്ഥ പരിശോധിച്ചപ്പോള്‍ 33 ഡിഗ്രി സെല്‍ഷ്യസ് ആണെന്ന് കണ്ടെത്തി. ഇത്രയും ചൂടില്‍ എന്തിനാണ് ഒരാള്‍ ഹൂഡി ധരിക്കുന്നതെന്ന സംശയമാണ് നിർണായകമായതെന്നും പൊലീസ് കൂട്ടിച്ചേർത്തു. ലൊക്കേഷൻ ട്രാക്ക് ചെയ്യാതിരിക്കാൻ സ്വന്തം ഫോണ്‍ കടയില്‍ വച്ചതിനുശേഷം കടയിലെ ജീവനക്കാരന്റെ ഫോണുമായാണ് ചേതൻ ലോഹഗഡിലെത്തിയത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് 5.40 വരെ ഇയാളുടെ ഫോണിലെ നെറ്റ് കണക്ഷൻ ഓഫായിരുന്നതും സംശയം വർദ്ധിപ്പിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി സംഭവം നടന്ന ദിവസം ചേതന്റെ നമ്പറിലേക്ക് കോളുകള്‍ വിളിച്ച എല്ലാവരെയും പൊലീസ് ചോദ്യം ചെയ്തു. ചേതനല്ല കോളുകള്‍ക്ക് മറുപടി നല്‍കിയതെന്നും പകരം അദ്ദേഹത്തിന്റെ കടയിലെ ജീവനക്കാരാണ് മറുപടി നല്‍കിയതെന്നും വിളിച്ചവർ സ്ഥിരീകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

അഗാധമായ മലയിടുക്കിന്റെ ഭാഗത്തെത്തിയപ്പോള്‍ ചേതനും സിയയ്ക്കും കേതനുമൊപ്പം പുറകിലെത്തിയതും പൊലീസ് ദൃശ്യങ്ങളില്‍ കണ്ടെത്തി. കേതനെ തള്ളിയിട്ടതിനുശേഷം സിയയാണ് പൊലീസിനെ വിളിച്ച്‌ കേതൻ മലയിടുക്കില്‍ വീണതായി അറിയിച്ചത്. ശക്തമായ കാറ്റില്‍ കാല്‍ വഴുതി വീണതെന്നാണ് പൊലീസിനെ അറിയിച്ചത്. ജൂണ്‍ 19ന് ഏറെ ശ്രമകരമായാണ് പൊലീസ് കേതന്റെ മൃതദേഹം പുറത്തെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി സിസയുടെ ഫോണ്‍ കോളുകളും പൊലീസ് പരിശോധിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ചേതന്റെ ആയിരത്തിലധികം കോളുകള്‍ സിസയുടെ ഫോണില്‍ കണ്ടെത്തിയത് പൊലീസിന് പിടിവള്ളിയായി. തുടർന്ന് പൊലീസ് ചേതന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചാണ് ഹൂഡി ധരിച്ച യുവാവുമായി സാമ്യമുള്ളതായി കണ്ടെത്തിയത്. വിവാഹം വേണ്ടെന്നുവച്ച്‌ ചേതനൊപ്പം ഒളിച്ചോടാൻ സിയ തയ്യാറല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അങ്ങനെ ചെയ്യുന്നത് കുടുംബത്തിന് അപമാനമാകുമെന്നായിരുന്നു ചോദ്യം ചെയ്യലില്‍ യുവതി പറഞ്ഞത്.

ഇതിനിടെ വിവാഹം നീട്ടിവയ്ക്കാനാകുമോയെന്ന് സിയ കേതന്റെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കേതൻ ലോഹഗഡിലേയ്ക്ക് വരണമെന്ന് സിയ നിരന്തരം നിർബന്ധിച്ചിരുന്നതായി കേതന്റെ സഹോദരി സഞ്ജനയും വെളിപ്പെടുത്തി.

മേയ് 31ന് സിയ കേതനെ ലോഹഗഡിലേക്ക് കൊണ്ടുപോയിരുന്നുവെന്നും ജൂണ്‍ നാലിന് വീണ്ടും പോകാൻ ആഗ്രഹിച്ചുവെങ്കിലും കേതന്റെ അമ്മ തടഞ്ഞുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ജൂണ്‍ 14നും കേതനെ പാറക്കെട്ടില്‍ നിന്ന് തള്ളിയിടാൻ സിയ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. പക്ഷേ കേതൻ ഒരു കുറ്റിക്കാട്ടില്‍ പിടിച്ചുനിന്നതിനാല്‍ അന്ന് രക്ഷപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് കേതൻ ചോദിച്ചപ്പോള്‍ പാമ്പിനെ കണ്ടുവെന്നും കേതനെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നെന്നുമായിരുന്നു സിയയുടെ മറുപടി. ജൂണ്‍ 18ന് വീണ്ടും കേതനെ ലോഹഗഡിലെത്തിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. നിലവില്‍ ചേതനും സിയയും പൊലീസ് കസ്റ്റഡിയിലാണ്. ഇരുവരും കുറ്റം സമ്മതിച്ചായി പൊലീസ് അറിയിച്ചു.

Hot Topics

Related Articles