ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ആധികാരിക വിജയവുമായി ടീം ഇന്ത്യ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 209 എന്ന വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റേത്തിയ നമീബിയ കാര്യമായ പോരാട്ടമില്ലാതെ തന്നെ കീഴടങ്ങി. 18.2 ഓവറിൽ 116 റൺ മാത്രമാണ് നമീബിയയ്ക്ക് നേടാനായത്. എട്ട് പന്ത് മാത്രമാണ് ബാറ്റ് ചെയ്തതെങ്കിലും 275 സ്ട്രൈക്ക് റേറ്റിൽ 22 റൺ അടിച്ചെടുത്ത സഞ്ജു ആരാധകർക്ക് അൽപം ആശ്വാസം പകർന്നു. സഞ്ജുവിന്റെ ആദ്യ ലോകകപ്പ് മത്സരമായിരുന്നു നമീബിയയ്ക്ക് എതിരെ.
അഭിഷേക് ശർമ്മയ്ക്ക് പരിക്കേറ്റ സാഹചര്യത്തിൽ സഞ്ജുവും ഇഷാൻ കിഷനുമായിരുന്നു ഇന്നിംങ്സ് ഓപ്പൺ ചെയ്തത്. രണ്ടാം ഓവറിന്റെ അവസാന പന്തിൽ മടങ്ങും മുൻപ് കിഷന് കത്തിക്കയറാനുള്ളത് നൽകിയിട്ടായിരുന്നു സഞ്ജുവിന്റെ മടക്കം. സഞ്ജു പോയതിനു പിന്നാലെ തിലക് വർമ്മയെ ഒരു വശത്ത് നിർത്തി കിഷാൻ അടി തുടങ്ങി. ഏഴ് ഓവറിൽ ഇന്ത്യൻ സ്കോർ 100 കടത്തിയ കിഷാൻ, 24 പന്തിൽ അഞ്ചു സിക്സും ആറു ഫോറും പറത്തിയാണ് 61 ൽ എത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കിഷാൻ മടങ്ങിയതിന് പിന്നാലെ സൂര്യ (12), തിലക് വർമ്മ (25) എന്നിവർ വീണതോടെ ഇന്ത്യ 124 ന് നാല് എന്ന നിലയിലേയ്ക്കു വീണു. ഇവിടെ ഒന്നിച്ച പാണ്ഡ്യയും (52), ദുബൈയും (23) ഇന്ത്യയെ ഇരുന്നൂറ് കടത്തി. ടീം സ്കോർ 205 ൽ നിൽക്കെ മനോഹരമായ ഒരു ക്യാച്ചിലൂടെ ബൗണ്ടറി ലൈനിൽ പാണ്ഡ്യയെ പിടികൂടിയ എറാസമസ് ഇന്ത്യയെ കൂറ്റൻ സ്കോറിൽ നിന്നാണ് തടഞ്ഞത്. തൊട്ടടുത്ത പന്തിൽ ദുബൈ റണ്ണൗട്ടായതും, പിന്നാലെ അക്സർ(0) ക്ലീൻ ബൗൾഡ് ആയതും ഇന്ത്യയെ ഞെട്ടിച്ചു. പ്രതീക്ഷയായിരുന്ന റിങ്കു സിംങ് (1) 206 ൽ ബൗണ്ടറി ലൈനിൽ ക്യാച്ച് നൽകി മടങ്ങി. ഒടുവിൽ അവസാന പന്തിൽ അർഷദീപും(2) റണ്ണൗട്ടായതോടെ നാലു റൺ ചേർത്തപ്പോഴേയ്ക്കും ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റുകൾ നഷ്ടമായിരുന്നു.
മറുപടി ബാറ്റിംങിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ നമീബിയയെ നിലയുറപ്പിക്കാൻ സമ്മതിച്ചതേയില്ല. 33 ൽ ഫ്രൈലിനക് (22), 67 ൽ സ്റ്റെൻക്യാമ്പ് (29) എന്നിവർ പുറത്താകും മുൻപ് നടത്തിയ പോരാട്ടം മാത്രമാണ് നമീബിയയ്ക്ക് എടുത്ത് പറയാനുണ്ടായിരുന്നത്. ഒരു ഘട്ടത്തിൽ 94 ന് ആറ് എന്ന നിലയിലേയ്ക്കു വീണ ടീമിനെ 100 കടത്തിയത് സനേ ഗ്രീനിന്റെ ഇന്നിംങ്സായിരുന്നു. എന്നാൽ, അവസാന ബാറ്ററായി ഹിറ്റ് വിക്കറ്റായി ഗ്രീൻ മടങ്ങിയതോടെ ഇന്ത്യ 93 റണ്ണിന്റെ ഉജ്വല വിജയം നേടി. വരുൺ ചക്രവർത്തി മൂന്നു വിക്കറ്റും, ഹാർദിക് പാണ്ഡ്യയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അർഷദീപും, ശിവം ദുബൈയും ബുംറയും ഓരോ വിക്കറ്റും പിഴുതു.


