വാഷിങ്ടണ്‍: യുഎസില്‍ പൊലീസ് വാഹനം ഇടിച്ച് 23കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് 29 ദശക്ഷം ഡോളർ (262 കോടി രൂപ) നഷ്ടപരിഹാരം അനുവദിച്ചു.വാഷിങ്ടണിലെ സിയാറ്റില്‍ നഗര ഭരണകൂടമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ജാഹ്നവി കണ്ഡുലയായിരുന്നു അപകടത്തില്‍ കൊല്ലപ്പെട്ടത്.
സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് ആണ് നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ച വിവരം പ്രസ്താവനയിലൂടെ അറിയിച്ചത്. ‘ജാഹ്നവി കണ്ഡുലയുടെ മരണം അതീവ ദുഃഖകരമാണ്. സാമ്പത്തിക പരമായ ഒത്തുതീര്‍പ്പ് വിദ്യാർത്ഥിയുടെ കുടുംബത്തിന് ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.’ എന്നാണ് സിറ്റി അറ്റോര്‍ണിയുടെ പ്രതികരണം. വാഹനമോടിച്ച യുഎസ് പൊലീസ് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ച് വിടാനും നിർദേശമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നോർത്ത് ഈസ്റ്റേണ്‍ സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു ജാഹ്നവി കുണ്ഡല. 2023-ല്‍ സിയാറ്റിലില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു പൊലീസ് വാഹനം ജാഹ്നവിയെ ഇടിച്ചിട്ടത്. പൊലീസുകാരനായ കെവിന്‍ ഡേവ് ഓടിച്ച കാര്‍ അമിത വേഗതയിലെത്തി ജാഹ്നവിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡില്‍ 119 കിലോമീറ്റര്‍ വേഗതയില്‍ ആയിരുന്നു കെവിന്‍ ഡേവ് വാഹനം ഓടിച്ചിരുന്നത്.
ജാഹ്നവിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെ തുടര്‍ന്ന് നഗരത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് പ്രതിഷേധം കനക്കാൻ കാരണമായിരുന്നു. പ്രതിഷേധം ഉയർന്നപ്പോഴും കെവിൻ ഡേവ് അപകടത്തെ നിസാരവല്‍ക്കരിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തത്. ഇതിനിടെ കെവിൻ ഡേലിൻ്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങളും സംഭാഷണവും പുറത്തുവന്നു. ഇതോടെ പ്രതിഷേധം കനത്തിരുന്നു.


