ഇടുക്കി :മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കുന്ന പരിപാടിക്ക് അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും നിർബന്ധിച്ച് പങ്കെടുക്കണം എന്ന് നൽകിയ നിർദേശം വിവാദമാകുന്നു. മാങ്കുളം പഞ്ചായത്തിലെ ഐ.സി.ഡി.എസ്. സൂപ്പർവൈസർ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നൽകിയ ശബ്ദസന്ദേശത്തിലാണ് ഭീഷണി മുഴങ്ങിയത്.ഞായറാഴ്ച മാങ്കുളത്ത് നടന്ന വികസന സദസ്സിൽ മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കുന്നതിനോടനുബന്ധിച്ചാണ് ഈ സംഭവം. പരിപാടിക്ക് നിർബന്ധമായും ഹാജരാകണമെന്നും, ഹാജരാകാത്തവർക്ക് അറ്റൻഡൻസ് ഉണ്ടാകില്ലെന്നും സൂപ്പർവൈസർ ശബ്ദസന്ദേശത്തിൽ അറിയിച്ചു.മാങ്കുളം പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരെയും ഹെൽപ്പർമാരെയും ഉൾപ്പെടുത്തി രൂപീകരിച്ച 52 അംഗ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം ലഭിച്ചത്.
പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നിർദേശപ്രകാരം തന്നെയാണ് ഈ വിവരം അറിയിക്കുന്നതെന്ന വിശദീകരണവും സൂപ്പർവൈസർ ശബ്ദസന്ദേശത്തിൽ നൽകിയിട്ടുണ്ട്.സർക്കാർ പരിപാടികൾക്ക് ആളെ കൂട്ടാൻ ജീവനക്കാരെയും സാധാരണക്കാരെയും നിർബന്ധിച്ച് എത്തിക്കുന്നതിനെതിരെ നേരത്തെയും വിമർശനങ്ങൾ ഉയർന്നിരുന്നു. ഹാജർ നിഷേധിക്കുമെന്ന മുന്നറിയിപ്പ് ജീവനക്കാരിൽ അതൃപ്തിക്കും പ്രതിഷേധത്തിനും വഴിവെച്ചിരിക്കുകയാണ്.

