കോവളം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സിയുടെ ലോഫ്‌ളോർ ബസിന്റെ പിൻഭാഗത്ത് തീപിടിച്ചു. കോവളം ബീച്ചിൽ നിന്ന് കിഴക്കേകോട്ടയിലേക്ക് പോകുകയാരുന്ന ബസിനാണ് തീപിടിച്ചത്. ആളപായമില്ല. ബസിന്റെ പിന്നിലൂടെ വരുകയായിരുന്ന ബൈക്കുയാത്രക്കാരൻ തീയും പുകയും വരുന്നതുകണ്ട് ഡ്രൈവറെ വിവരമറിയിച്ചു. പെട്ടെന്ന് തന്നെ ബസ് നിർത്തി അതിലുണ്ടായിരുന്ന 41 യാത്രക്കാരെയും പുറത്തിറക്കി. ഈ സമയത്ത് കിഴക്കേകോട്ടയിൽ നിന്ന് കോവളം ബീച്ചിലേക്ക് വരുകയായിരുന്ന സ്വിഫ്റ്റ് ബസിലെ ഡ്രൈവർ തീയണക്കുന്ന ഉപകരണമെടുത്ത് നൽകി. ബസ് ഡ്രൈവർ അഭിലാഷും കണ്ടക്ടർ ദിലീപും ചേർന്ന് തീയണച്ചു. വാഴമുട്ടം പാച്ചല്ലൂർ റൂട്ടിൽ എൽ.പി.സ്‌കൂളിന് സമീപം ഞായറാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം.
തീകെടുത്തിയെങ്കിലും കണ്ടക്ടർ വിഴിഞ്ഞം അഗ്നിരക്ഷാസേനയുടെ സഹായവും തേടി. സീനിയർ സേനാംഗമായ ജിനേഷിന്റെ നേതൃത്വത്തിൽ ഹരിദാസ്, ബിനു, റെഹിൽ, അരുൺ മോഹൻ, ബിജു, സുനിൽ ദത്ത് എന്നിവർ ബസിലേക്ക് വെളളം ചീറ്റി പൂർണമായും തീയണച്ചു. ബസിന്റെ യന്ത്രഭാഗത്തിലെ ഓൾട്ടർനേറ്റീവിനുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് തീപിടിച്ചതെന്ന് കണ്ടക്ടർ ദിലീപ് പറഞ്ഞു. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസ് സജ്ജമാക്കി കയറ്റിവിട്ടു.


