നാഗർകോവിൽ: 33 വർഷത്തിന് ശേഷം ക്ഷേത്രത്തില്‍ നിന്ന് 6 കിലോയോളം സ്വർണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ 18 പേരെ കുറ്റവിമുക്തരാക്കി കോടതി.തിരുവട്ടാർ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ മൂലവിഗ്രഹത്തില്‍ ഉള്‍പ്പെടെയുണ്ടായിരുന്ന 6 കിലോയോളം സ്വർണാഭരണങ്ങള്‍ കവർന്ന കേസിലെ പ്രതികളെയാണ് പത്മനാഭപുരം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി കുറ്റവിമുക്തരാക്കിയത്. കേസില്‍ അറസ്റ്റിലായവർക്കെതിരെ കുറ്റം തെളിയിക്കാനോ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാനോ പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതി വിശദമാക്കിയത്.
2019ല്‍ നാഗർ കോവിലിലെ വിചാരണ കോടതി പ്രതികളെ കേസില്‍ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ജഡ്ജ് പി രാമചന്ദ്രനാണ് വിധി പ്രഖ്യാപിച്ചത്.2019 സെപ്തംബർ 19ന് വിചാരണക്കോടതി നടത്തിയ വിധി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി റദ്ദാക്കി. കേസില്‍ പ്രതി ചേർക്കപ്പെട്ടിരുന്ന 34 പേരില്‍ 10 പേർ വിചാരണ കാലയളവില്‍ മരിച്ചിരുന്നു. 23 പേർക്ക് ആറ് വർഷത്തെ തടവും ബാക്കിയുള്ളവർക്ക് മൂന്ന് വർഷത്തെ തടവിനാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1974ലാണ് ക്ഷേത്രത്തില്‍ നിന്ന് സ്വർണം കളവ് പോയത്. കന്യാകുമാരി ജില്ലാ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് 1992 ജൂണ്‍ 17നാണ് സിബി സിഐഡിക്ക് കൈമാറിയത്.അനന്തശയനത്തിലുള്ള മൂലവിഗ്രഹത്തിന്റെ തങ്ക അങ്കി, ആഭരണങ്ങള്‍ ഉള്‍പ്പെടെ 6 കിലോ സ്വർണവും 68 ഗ്രാം വെള്ളിയുമാണ് കാണാതായത്. 1992-ലാണ് കവർച്ച പുറംലോകം അറിഞ്ഞത്. 1992-ല്‍ തിരുവട്ടാർ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല.
സിബിസിഐ കേസ് എറ്റെടുത്തതിന് പിന്നാലെയാണ് 1974മുതല്‍ പൂജാരിമാരുടെ ഒത്താശയോടെ ക്ഷേത്രത്തില്‍ നിന്ന് സ്വർണ കവർച്ച നടത്തിയതായി കണ്ടെത്തിയത്. നാലരക്കിലോ സ്വർണം പിടിച്ചെടുത്ത പൊലീസ് 34 പേർക്കെതിരേ കേസെടുത്തു. കേസന്വേഷണം തുടങ്ങിയതോടെ ക്ഷേത്രത്തിലെ മേല്‍ശാന്തി കേശവൻപോറ്റി ആത്മഹത്യ ചെയ്തിരുന്നു. വിഗ്രഹത്തിലെ കവചത്തിലും കിരീടത്തിലും സ്വർണം മുറിച്ചെടുത്ത് ഓയില്‍ ടിൻ ഷീറ്റ് തിരിച്ച് വെച്ചായിരുന്നു മോഷണം നടന്നതെന്നായിരുന്നു അന്വേഷണത്തില്‍ വ്യക്തമായത്.


