തിരുവനന്തപുരം :നഗരസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയില്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ അസാന്നിധ്യം ചര്‍ച്ചയായി. സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ മേയര്‍ പങ്കെടുത്തില്ലെന്നത് രാഷ്ട്രീയ വൃത്തങ്ങളിലുണ്ടാക്കിയ കൗതുകത്തിന് പിന്നാലെ ജില്ലാ സെക്രട്ടറി വി. ജോയി തന്നെ മറുപടി നല്‍കി. മേയര്‍ നിലവില്‍ കോഴിക്കോട് ഉള്ളതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും ജോയി വ്യക്തമാക്കി.2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വെറും 21-ാം വയസ്സില്‍ മേയര്‍ സ്ഥാനമേറ്റെടുത്ത ആര്യ രാജേന്ദ്രന്‍ രാജ്യത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരമേയറായി ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മേയറെന്ന നിലയില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നതായും, വ്യക്തിജീവിതം പോലും രാഷ്ട്രീയവിരോധികളുടെ ആക്രമണവിധേയമായതായും അറിയപ്പെടുന്നു.സിപിഎമ്മിനായി പ്രവര്‍ത്തിച്ച മുന്‍ മേയര്‍മാരില്‍ വി. ശിവന്‍കുട്ടിയും വി.കെ. പ്രശാന്തും പിന്നീട് നിയമസഭയിലേക്ക് എത്തിയിട്ടുണ്ട്. അതേപോലെ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്യയും തിരുവനന്തപുരം നഗരമണ്ഡലങ്ങളില്‍ ഒന്നില്‍ നിന്ന് മത്സരിക്കുമെന്നതാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന. അതിനാല്‍ തന്നെ മേയറുടെ അസാന്നിധ്യം പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ കൂടി വിലയിരുത്തപ്പെടുന്നുണ്ട്.


