തിരുവനന്തപുരം :തമ്പാനൂരിലെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മാലിന്യ കൂമ്പാരത്തിൽ കുടുങ്ങി ജീവന്‍ നഷ്ടമായ ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മ മെല്‍ഹിക്കായി പുതിയ വീടൊരുങ്ങി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കും. ചടങ്ങില്‍ തൊഴില്‍ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അടക്കമുള്ളവര്‍ പങ്കെടുക്കും.മാരായമുട്ടം കോണത്തുവിളാകത്ത് നിര്‍മിച്ച പുതിയ വീടിലാണ് ഗൃഹപ്രവേശം നടക്കുന്നത്. ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലായിരുന്നു മുമ്പ് മെല്‍ഹിയും മകനായ ജോയിയും താമസിച്ചിരുന്നത്. ആ ദുരവസ്ഥയിലാണ് ജോയിയുടെ ജീവന്‍ അവസാനിച്ചത്.
മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുതന്നെ അന്ന് വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു.ജോയിയുടെ മരണത്തിന് പിന്നാലെ അമ്മ ഒറ്റയ്ക്കായി. അതേസമയം, മെല്‍ഹിയെ പുനരധിവസിപ്പിക്കുമെന്ന വാഗ്ദാനം തിരുവനന്തപുരം കോര്‍പ്പറേഷന്‍ നല്‍കിയിരുന്നു. ആ വാഗ്ദാനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് മാരായമുട്ടം മലഞ്ചരിവ് പ്രദേശത്തെ വീട്ടില്‍ നിന്ന് ജോയി (47) കാണാതായത്. തുടര്‍ന്നുള്ള മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവില്‍, കാണാതായ സ്ഥലത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെയായി ജോയിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.


