പാലക്കാട്:ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ പ്രഖ്യാപിക്കും. തിരുവനന്തപുരം സെഷൻസ് കോടതി അടച്ചിട്ട കോടതിമുറിയിലാണ് ഹർജിയിൽ വാദം പരിഗണിച്ചത്. ഒന്നരമണിക്കൂറോളം നീണ്ട വാദം നാളെയും തുടരുമെന്നും കോടതി വ്യക്തമാക്കി, രാഹുലിന്റെ അറസ്റ്റ് തടയാൻ കോടതി തയ്യാറായിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ രാഹുലിനെതിരെ ഗുരുതരമായ പരാമർശങ്ങളുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നതായി ആരോപിക്കുന്ന ഓഡിയോ ക്ലിപ്പുകളും ചാറ്റ് സന്ദേശങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. ജാമ്യം അനുവദിച്ചാൽ പരാതിക്കാരിയെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതിക്ക് സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു.അതേസമയം, യുവതിയുടെ പരാതി പൂർണമായും വ്യാജമാണെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തെ പീഡനമാക്കി മാറ്റുകയാണെന്നും പ്രതിഭാഗം വാദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസിന് പിന്നിൽ ബിജെപി–സിപിഎം ഗൂഢാലോചനയുണ്ടെന്നും രാഹുലിന്റെ രാഷ്ട്രീയ ജീവിതം തകർക്കാനുള്ള ശ്രമമാണിതെന്നും പ്രതിഭാഗം കോടതി അറിയിച്ചു. സ്വർണക്കൊള്ള കേസിൽ നിന്ന് ജനശ്രദ്ധ മാറ്റാൻ തന്നെയാണ് ഇപ്പോഴത്തെ കേസ് ഉയർത്തിയതെന്നുമായിരുന്നു വാദം.കേസെടുത്തതിന് പിന്നാലെ രാഹുല്‍ ഒളിവിൽ പോകുകയുണ്ടായി. തുടർന്ന് മുൻകൂർ ജാമ്യത്തിനായി കോടതി സമീപിക്കുകയും ഹർജിയിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
പരാതിക്കാരിയുമായി ദീർഘകാല സൗഹൃദം ഉണ്ടായിരുന്നുവെങ്കിലും ബലാത്സംഗം നടന്നിട്ടില്ലെന്നാണ് രാഹുലിന്റെ നിലപാട്.തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് നേമം സ്റ്റേഷനിലേക്കും കൈമാറി. വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിത ഗർഭഛിദ്രം അടക്കമുള്ള, ജാമ്യമില്ലാത്ത വകുപ്പുകളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ പത്ത് വർഷം മുതൽ ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാൻ സാധ്യത.ഇതിനിടയിൽ, മറ്റൊരു യുവതിയും രാഹുലിനെതിരെ ലൈംഗിക പീഡനാരോപണവുമായി മുന്നോട്ട് വന്നിട്ടുണ്ട്. അവർ നൽകിയ പരാതി കെപിസിസി പൊലീസ് കൈമാറി. ഈ പരാതിയിൽ ഇന്ന് കേസ് രജിസ്റ്റർ ചെയ്യുമെന്ന് പാർട്ടി ഉറപ്പിച്ചു.


