ഫോബ്സ് പട്ടികയിൽ മലയാളികളുടെ ശക്തമായ സാന്നിധ്യം:അഭിമാനമായി മലയാളികളിൽ മുന്നിൽ എം.എ യൂസഫലി; ദേശീയതലത്തിൽ ഒന്നാം സ്ഥാനത്ത് മുകേഷ് അംബാനി

ന്യൂഡൽഹി:ലോകപ്രശസ്ത ബിസിനസ് മാസികയായ ഫോബ്സ് പുറത്തുവിട്ട ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 പേരുടെ പട്ടികയിൽ മലയാളികളുടെ ശക്തമായ സാന്നിധ്യം രേഖപ്പെടുത്തി.ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് പട്ടികയിലെ ഏറ്റവും സമ്പന്നനായ മലയാളി. 5.85 ബില്യൺ ഡോളർ (ഏകദേശം ₹48,000 കോടി) ആസ്തിയുള്ള യൂസഫലി ദേശീയതലത്തിൽ 49-ാം സ്ഥാനത്താണ്.

Advertisements

ജോയ് ആലുക്കാസ് 5.3 ബില്യൺ ഡോളർ ആസ്തിയോടെ മലയാളികളിൽ രണ്ടാം സ്ഥാനത്തും, 10.4 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള മുത്തൂറ്റ് കുടുംബം രാജ്യത്തെ ഏറ്റവും സമ്പന്നമായ മലയാളി കുടുംബമായി മുന്നിലെത്തി.ഇതുകൂടാതെ ബി. രവി പിള്ള, സണ്ണി വർക്കി, ക്രിസ് ഗോപാലകൃഷ്ണൻ, പി.എൻ.സി. മേനോൻ, ടി.എസ്. കല്യാണരാമൻ എന്നിവരും പട്ടികയിൽ ഇടം നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ മുന്നിൽ മുകേഷ് അംബാനി

റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി. അദ്ദേഹത്തിന്റെ ആസ്തി 105 ബില്യൺ ഡോളർ (ഏകദേശം ₹8.8 ലക്ഷം കോടി). കഴിഞ്ഞ വർഷത്തേക്കാൾ 1.2 ലക്ഷം കോടി രൂപയുടെ വർധനയും രേഖപ്പെടുത്തി.

ഗൗതം അദാനിയും കുടുംബവും 92 ബില്യൺ ഡോളർ ആസ്തിയോടെ രണ്ടാം സ്ഥാനത്താണ്. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ വിവാദങ്ങൾക്കിടയിലും സെബി നൽകിയ ക്ലീൻചിറ്റ് ഫോബ്‌സ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.ഒ.പി. ജിൻഡാൽ ഗ്രൂപ്പിന്റെ സാവിത്രി ജിൻഡാൽ മൂന്നാം സ്ഥാനത്ത് നിലനിർത്തി. കഴിഞ്ഞ വർഷത്തേക്കാൾ 3.5 ബില്യൺ ഡോളർ കുറഞ്ഞ് ഇപ്പോൾ അവരുടെ ആസ്തി 40.2 ബില്യൺ ഡോളർ. ആദ്യ പത്തിലെ ഏക വനിതയുമാണ് സാവിത്രി

മികച്ച പത്ത് സ്ഥാനങ്ങൾ ഇങ്ങനെ

മുകേഷ് അംബാനി – 105 ബില്യൺ ഡോളർ

ഗൗതം അദാനി & കുടുംബം – 92 ബില്യൺ ഡോളർ

സാവിത്രി ജിൻഡാൽ & കുടുംബം – 40.2 ബില്യൺ ഡോളർ

സുനിൽ മിത്തൽ – 34.2 ബില്യൺ ഡോളർ

ശിവ് നാടാർ – 33.2 ബില്യൺ ഡോളർ

രാധാകിഷൻ ദമാനി – 28.2 ബില്യൺ ഡോളർ

ദിലീപ് ഷാങ്വി – 26.3 ബില്യൺ ഡോളർ

ബജാജ് കുടുംബം – 21.8 ബില്യൺ ഡോളർ

സൈറസ് പൂനവാല – 21.4 ബില്യൺ ഡോളർ

കുമാർ മംഗലം ബിർള – 20.7 ബില്യൺ ഡോളർ

പട്ടികയിലെ പുതുമുഖങ്ങളും തിരിച്ചുവരവുകളും

ഈ വർഷം ദോഷി ബ്രദേഴ്‌സ് (7.5 ബില്യൺ ഡോളർ), ഡിക്സൺ ടെക്നോളജീസ് ചെയർമാൻ സുനിൽ വച്ചാനി (3.85 ബില്യൺ ഡോളർ) എന്നിവരാണ് പുതുതായി പട്ടികയിൽ പ്രവേശിച്ചത്.അതേസമയം ലീന തിവാരി (3.8 ബില്യൺ ഡോളർ), പി.എൻ.സി. മേനോൻ (3.6 ബില്യൺ ഡോളർ), കെ.പി. രാമസാമി (3.3 ബില്യൺ ഡോളർ) എന്നിവർ തിരിച്ചെത്തിയവരാണ്.കഴിഞ്ഞ വർഷത്തെ റാങ്കിംഗിൽ നിന്നുള്ള ഏഴുപേർ ഇത്തവണ പട്ടികയിൽ നിന്ന് പുറത്ത് പോയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആസ്തിയിൽ കുറവ്: രൂപയുടെ മൂല്യ ഇടിവും ഓഹരി വിപണിയും കാരണം

പട്ടികയിലെ ആദ്യ 100 പേരുടെയും ആസ്തി കഴിഞ്ഞ വർഷത്തേക്കാൾ 9 ശതമാനം (ഏകദേശം 100 ബില്യൺ ഡോളർ, അഥവാ ₹8.8 ലക്ഷം കോടി) കുറഞ്ഞതായി ഫോബ്സ് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ രൂപയുടെ മൂല്യത്തിലും ഓഹരി സൂചികകളിലും ഉണ്ടായ ഇടിവാണ് പ്രധാന കാരണം.ഫോബ്സ് പട്ടിക കുടുംബങ്ങൾ, വ്യക്തികൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, സാമ്പത്തിക വിശകലന വിദഗ്ധർ, മറ്റ് ഏജൻസികൾ എന്നിവയിൽ നിന്നുള്ള ഷെയർഹോൾഡിങ്, സാമ്പത്തിക വിവരങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയത്.

Hot Topics

Related Articles