തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ. ‘നേരിന്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരനാണ് നിങ്ങൾ എന്ന് വീണ്ടും തെളിയിച്ചു’ എന്നാണ് കടകംപള്ളി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ആരോപിച്ചത്.ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കടകംപള്ളിക്ക് പങ്കുണ്ടെന്ന വിഡി സതീശന്റെ ആരോപണത്തെ തുടർന്നാണ് വിമർശനം. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കടകംപള്ളി സുരേന്ദ്രൻ വിഡി സതീശനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.
തനിക്കെതിരെ ഫയൽ ചെയ്തിരിക്കുന്ന മാനനഷ്ട ഹർജിയുമായി ബന്ധപ്പെട്ട് ചില തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും അവ യാഥാർത്ഥ്യവിരുദ്ധമാണെന്നും കടകംപള്ളി പറഞ്ഞു. കോടതിയിൽ യഥാർത്ഥത്തിൽ എന്താണ് നടന്നതെന്ന് വിശദീകരിക്കുന്ന തന്റെ അഭിഭാഷകന്റെ പ്രസ്താവന ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും മാധ്യമ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.‘എന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചിട്ട് മാസങ്ങളായില്ലേ?’ എന്ന് ചോദിച്ച കടകംപള്ളി, ചുണയുണ്ടെങ്കിൽ വിഡി സതീശൻ തന്റെ കൈവശമുണ്ടെന്ന് പറയുന്ന തെളിവുകൾ കോടതിയിൽ ഹാജരാക്കണമെന്നും വെല്ലുവിളിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ‘തന്നെ സ്വർണം കട്ടവനെന്ന് വിളിക്കരുതെന്ന്’ കടകംപള്ളി കോടതിയിൽ ആവശ്യപ്പെട്ടുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ രാജഗോപാലൻ നായർ വ്യക്തമാക്കി. തിരുവനന്തപുരം മൂന്നാം സബ് കോടതിയിൽ ഇത്തരത്തിലൊരു വാദം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.വിഡി സതീശനെതിരായ മാനനഷ്ടക്കേസിൽ, ആരോപണം ആവർത്തിക്കരുതെന്നും അല്ലെങ്കിൽ പ്രസ്താവനകൾ നടത്തുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് മറ്റൊരു അപേക്ഷയും നൽകിയിട്ടുണ്ടെന്ന് അഭിഭാഷകൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ സതീശനുമായി ആലോചിച്ച് മറുപടി നൽകാമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും രാജഗോപാലൻ നായർ പറഞ്ഞു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിന് ശേഷം തനിക്ക് സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നും, ‘സ്വർണം കട്ടവൻ’ എന്ന രീതിയിലുള്ള ആരോപണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുവെന്നുമുള്ള ചില മാധ്യമവാർത്തകളും തെറ്റാണെന്ന് അഭിഭാഷകൻ നിഷേധിച്ചു.


