കണ്ണൂർ:കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരിക്ക് നേരിട്ട ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഓൺലൈൻ ചാനൽ അവതാരകയായ ഹരിത എള്ളാത്ത് ആണ് ഈ വിഷയം ഫേസ്ബുക്കിൽ പങ്കുവെച്ചത്.ഹരിത കണ്ണൂരിൽ നിന്ന് കോഴിക്കോട്–കൊച്ചി റൂട്ടിലെ രാത്രി 7.40-ന് കോഴിക്കോട് എത്തേണ്ട സ്വിഫ്റ്റ് ബസിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. രാമനാട്ടുകരയിൽ നിന്ന് കയറേണ്ട ബസ് എവിടെയെത്തിയെന്നറിയാൻ വൈകുന്നേരം 6.30 മുതൽ കണ്ടക്ടറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്ഥിരമായി സ്വിച്ച് ഓഫ് ആയിരുന്നു.വൈകുന്നേരം ഒമ്പത് മണിയോടെയാണ് കണ്ടക്ടർ ഒടുവിൽ ഫോൺ എടുത്തത്.
“കോഴിക്കോട് എത്തി ആളെ കയറ്റുന്നു, 10 മിനിറ്റ്” എന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തതായാണ് ഹരിതയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. തുടർന്ന് ആ നമ്പറിൽ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല.ഒടുവിൽ കൈ കാണിച്ച് നിർത്തിയാണ് ഹരിതയ്ക്ക് ബസിൽ കയറാൻ കഴിഞ്ഞത്. ബസിൽ കയറിയ ശേഷം കണ്ടക്ടറോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. യാത്രയ്ക്കിടയിൽ മറ്റുയാത്രക്കാരും ഇതേ തരത്തിലുള്ള പരാതികളാണ് ഉന്നയിച്ചത്.ആൻഡ്രോയിഡ് ഫോൺ കൈയിലുണ്ടായിരുന്നിട്ടും യാത്രക്കാരുമായി സംസാരിക്കാനും വിവരമറിയിക്കാനും കണ്ടക്ടർ തയ്യാറായില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.


