ഹഗൻബാച്ച്: 9 വയസുള്ള മകനെ വർഷങ്ങളായി പൂട്ടിയിട്ടിരുന്നത് വാനില്‍. പിതാവിനെതിരെ കേസെടുത്ത് പൊലീസ്. കിഴക്കൻ ഫ്രാൻസിലെ ഹഗൻബാച്ച് ഗ്രാമത്തിലാണ് ഒൻപത് വയസ്സുകാരനെ 2024 മുതല്‍ വാനില്‍ പൂട്ടിയിട്ടത്.സംഭവത്തില്‍ 9 വയസുകാരന്റെ പിതാവിനെതിരെ കേസെടുത്തു. വാഹനത്തിനുള്ളില്‍ നിന്ന് കുട്ടിയുടെ ശബ്ദം കേട്ട അയല്‍വാസി പൊലീസിനെ വിവരമറിയിച്ചതോടെയാണ് പിതാവിന്റെ ക്രൂരത പുറംലോകം അറിഞ്ഞത്.
സ്ഥലത്ത് എത്തിയ പൊലീസ് വാൻ ബലമായി തുറന്നപ്പോള്‍, മാലിന്യങ്ങള്‍ക്കും മലമൂത്രവിസർജ്യത്തിനും ഇടയില്‍ ഒരു പുതപ്പിനുള്ളില്‍ നഗ്നനായി ചുരുണ്ടുകൂടി കിടക്കുന്ന കുട്ടിയെയാണ് കണ്ടെത്തിയത്. ദീർഘകാലം ഒരേയിരുപ്പ് ഇരുന്നതിനാല്‍ കുട്ടിക്ക് ഇപ്പോള്‍ നടക്കാൻ കഴിയില്ലെന്നും പോഷകാഹാരക്കുറവ് ഉണ്ടെന്നും അധികൃതർ വിശദമാക്കുന്നത്. മകനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കാൻ തന്റെ പങ്കാളി ശ്രമിച്ചിരുന്നെന്നും അതില്‍ നിന്ന് കുട്ടിയെ സംരക്ഷിക്കാനാണ് 2024 നവംബർ മുതല്‍ വാനില്‍ ഒളിപ്പിച്ചതെന്നുമാണ് 43കാരനായ പിതാവ് പൊലീസിനോട് വിശദമാക്കുന്നത്. ദിവസവും രണ്ടുനേരം പിതാവ് ഭക്ഷണം എത്തിച്ചിരുന്നതായും പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലുമാണ് മലമൂത്രവിസർജനം നടത്തിയിരുന്നതെന്നും കുട്ടി വെളിപ്പെടുത്തി. 2024ന് ശേഷം കുട്ടി കുളിച്ചിട്ടുപോലുമില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടിയെ അനധികൃതമായി തടങ്കലില്‍ വെച്ചതിനും ശരിയായ ഭക്ഷണവും ചികിത്സയും നല്കാത്തതിനും പിതാവിനെതിരെയും, കുട്ടിയെ സഹായിക്കാതിരുന്നതിന് പിതാവിന്റെ പങ്കാളിക്കെതിരെയും കേസെടുത്തു. കുട്ടിയെയും മറ്റ് രണ്ട് സഹോദരങ്ങളെയും താല്‍ക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 2024 അവസാനത്തോടെ കുട്ടിയെ കാണാതായപ്പോള്‍, അവൻ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലാണെന്നാണ് അയല്‍ക്കാർ കരുതിയിരുന്നത്. വാനില്‍ നിന്ന് ശബ്ദം കേട്ടപ്പോള്‍ പൂച്ചയാണെന്നാണ് പിതാവ് അയല്‍ക്കാരോട് പറഞ്ഞിരുന്നത്.

