പലതവണ സമ്മർദ്ദമുണ്ടായി, പക്ഷേ ഒഴിവാക്കി;നിയമസഭാ തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് മുൻ കെപിസിസി പ്രസിഡൻ്റ് വി.എം. സുധീരൻ

തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കോൺഗ്രസ് നീങ്ങുന്നതിനിടെ, മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡന്റുമായ വി.എം. സുധീരൻ. പാർലമെന്ററി രാഷ്ട്രീയ രംഗത്ത് നിന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ താൻ വിടപറഞ്ഞതാണെന്നും ആ നിലപാട് മാറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ മത്സരിക്കുമെന്ന് പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും വി.എം. സുധീരൻ പറഞ്ഞു.ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. വിവിധ ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് സമ്മർദ്ദങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നന്ദിപൂർവം അതെല്ലാം ഒഴിവാക്കുകയായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി കോൺഗ്രസിന്റെ നേതൃ ക്യാമ്പ് നാളെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ ആരംഭിക്കും.

Advertisements

‘ലക്ഷ്യം 2026’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ പങ്കെടുക്കും.സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പ്രധാന ചർച്ചകൾ ക്യാമ്പിൽ നടക്കുമെന്നാണ് സൂചന.അതേസമയം കണ്ണൂർ നിയമസഭാ സീറ്റിൽ സ്ഥാനാർത്ഥിയാകാൻ അരഡസനോളം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത് പാർട്ടി നേതൃത്വത്തിന് വെല്ലുവിളിയായിരിക്കുകയാണ്. കണ്ണൂർ സീറ്റിൽ മത്സരിക്കുമെന്ന അവകാശവാദവുമായി കെ. സുധാകരൻ എംപിയും രംഗത്തെത്തിയതോടെ ആരാകും സ്ഥാനാർത്ഥിയെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിന് പതിനയ്യായിരത്തിലധികം വോട്ടുകളുടെ ലീഡ് ലഭിച്ചിരുന്നു. കെ. സുധാകരന് മാത്രം നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളും അദ്ദേഹത്തിന്റെ അനുയായികൾ നടത്തുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ അത്തരമൊരു ഇളവ് നൽകിയാൽ മറ്റ് എംപിമാരും നിയമസഭാ മത്സരത്തിന് തയ്യാറാകുമെന്നതിനാൽ കെപിസിസി നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.മുൻ മേയർ ടി.ഒ. മോഹനൻ, കോർപ്പറേഷൻ കൗൺസിലർ റിജിൽ ചന്ദ്രൻ മാക്കുറ്റി, കെപിസിസി അംഗം അമൃത രാമകൃഷ്ണൻ, കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് എന്നിവരാണ് കണ്ണൂർ സീറ്റിൽ മത്സരിക്കാനുള്ള സാധ്യതാപട്ടികയിൽ ഉള്ളത്.

Hot Topics

Related Articles