എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും കെ ബി ഗണേഷ് കുമാർ പുറത്ത് ; നടപടി ജനാധിപത്യപരമല്ലെന്ന് ഗണേഷ്; കേസ് കൊടുക്കട്ടെയെന്ന് സുകുമാരൻ നായർ 

 എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ കമ്മിറ്റിയിലെ അഴിമതി ആരോപണങ്ങളുടെ തുടർച്ചയായാണ് എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും ഗണേഷ് കുമാർ പുറത്തായത്. ഭരണസമിതി അംഗങ്ങളുടെ പിന്തുണ ഇല്ലാത്തതുകൊണ്ടാണ് ഗണേഷ് കുമാറിനെ പുറത്താക്കിയത് എന്നാണ് എൻഎസ്എസിന്റെ വിശദീകരണം. എന്നാൽ 18 അംഗ ഭരണസമിതിയിൽ 12 പേരുടെ പിന്തുണ തനിക്കുണ്ടെന്ന് ഗണേഷ് കുമാർ അവകാശപ്പെട്ടു. തനിക്കെതിരെ ഉണ്ടായ നടപടി ജനാധിപത്യവിരുദ്ധമാണെന്നും ഗണേഷ് കുമാർ ആരോപിച്ചു. അതേസമയം ജനാധിപത്യപരമല്ലാത്ത നടപടി ഉണ്ടായിട്ടുണ്ടെങ്കിൽ ഗണേഷ് കുമാർ കേസ് കൊടുക്കട്ടെ എന്നായിരുന്നു സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണം. 

Advertisements

പുറത്താക്കിയതിനു പിന്നിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി അല്ലെന്നായിരുന്നു ഗണേഷ് കുമാർ പറഞ്ഞത്. എന്നാൽ ജനറൽ സെക്രട്ടറിയെ തള്ളി പറയാത്തത് ഒരു വേലയാണെന്നും ആരെങ്കിലും തള്ളിപ്പറഞ്ഞാൽ പിന്നെ അയാൾക്ക് അഡ്രസ്സ് ഉണ്ടാവില്ല എന്നും സുകുമാരൻ നായർ തുറന്നടിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്ന പേരായിരുന്നു ഗണേഷ് കുമാറിന്റെത്. എന്നാൽ ഡയറക്ടർ ബോർഡിൽ നിന്നു തന്നെ പുറത്തായത് ഗണേഷ് കുമാറിന് വലിയ തിരിച്ചടിയായി മാറി. അതേസമയം ജി സുകുമാരൻ നായരെ വീണ്ടും എൻഎസ്എസ് ജനറൽ സെക്രട്ടറിയായി ഇന്ന് ചേർന്ന ബജറ്റ് സമ്മേളനം തിരഞ്ഞെടുത്തു.

Hot Topics

Related Articles