ഒമാനിലെ മഴക്കെടുതിയിൽ  രക്ഷപെട്ടത് തലനാരിഴക്ക് ; അനുഭവം പങ്കിട്ട് ആലപ്പുഴ സ്വദേശി 

മസ്കറ്റ്: ഒമാനിലെ മഴക്കെടുതിയില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ആലപ്പുഴ സ്വദേശി അശ്വിൻ ടൈറ്റസ്.കാറിന് മുകളില്‍ കയറിയും ഗാറേജിന്റെ മേല്‍ക്കൂരയില്‍ കയറിയുമാണ് ആളുകള്‍ രക്ഷപ്പെട്ടത്. ജോലി ചെയ്യുന്ന ഗാരേജിന്റെ ഉയരത്തില്‍ വരെ വെള്ളമെത്തിയെന്നും കിച്ചണില്‍ കുടുങ്ങിയവരെ മേല്‍ക്കൂര പൊളിച്ചാണ് രക്ഷിച്ചതെന്നും അശ്വിൻ പറയുന്നു. ഇന്നലെ മരിച്ച സുനില്‍ കുമാറിനൊപ്പമാണ് അശ്വിനും അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അശ്വിൻ ടൈറ്റാസിന് കാലിന് പരിക്കേറ്റിട്ടുണ്ട്. ഒരു വർഷമായി ഒമാനില്‍ ജോലി ചെയ്യുകയാണ് ആലപ്പുഴ സ്വദേശിയായ അശ്വിൻ.അതേസമയം, ഒമാനില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി. ആദ്യദിനം തന്നെ പെയ്ത കനത്ത മഴയില്‍ പൊടുന്നനെ ഉണ്ടായ വെള്ളപ്പാച്ചിലാണ് മരണസംഖ്യ ഇത്രയും ഉയരാനിടയാക്കിയത്. മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. അടൂർ കടമ്പനാട് സ്വദേശി സുനില്‍ കുമാറാണ് ജോലിസ്ഥലത്ത് വെച്ച്‌ മതിലിടിഞ്ഞ് വീണ് മരിച്ചത്. ഒരാള്‍പ്പൊക്കത്തില്‍ ഗാരേജിനുള്ളില്‍ വരെ കയറിയ വെള്ളത്തില്‍ നിന്ന് ഗാരേജ് മേല്‍ക്കൂര തകർത്താണ് ബാക്കിയുള്ളവരെ രക്ഷിച്ചത്. ന്യൂനമർദത്തിൻറെ സ്വാധീനം നിലനില്‍ക്കുന്ന ഒമാനില്‍ വിവിധ ഗവർണറേറ്റുകളില്‍ ശക്തമായ മഴ തുടരുകയാണ്. 17 വരെ മഴ നീണ്ടു നില്‍ക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

Hot Topics

Related Articles