പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് അഞ്ചാമൻ തിരുമേനിയുടെ 117ാം ഓർമ്മപ്പെരുന്നാളിന് കബറിടം സ്ഥിതി ചെയ്യുന്ന കോട്ടയം പഴയ സെമിനാരിയിൽ കൊടിയേറി. ജൂലൈ 11 വരെ നടക്കുന്ന പെരുന്നാൾ ശുശ്രൂഷയ്ക്ക് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിക്കും. സഭയുടെ മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും. വിശുദ്ധ കുർബാനയെത്തുടർന്ന് ഫാ.ജേക്കബ് ജോൺ കോർ എപ്പിസ്കോപ്പാ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഫാ. സി. സി ചെറിയാൻ, പഴയ സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, ഫാ. ജോസ് , ഫാ. മത്തായിക്കുട്ടി എന്നിവർ സഹകാർമ്മികരായി.
ജൂലൈ 10ന് കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്ക്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സ്ഥാപക ദിനാചരണവും, പുരസ്ക്കാര സമർപ്പണവും, യാത്രയയപ്പ് സമ്മേളനവും നടക്കും. കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്ക്കൂൾസ് കോർപ്പറേറ്റ് മാനേജർ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ആലുവ യു.സി കോളജ് പ്രിൻസിപ്പൽ പ്രൊഫ.മിനി ആലീസ് മുഖ്യസന്ദേശം നൽകും. വൈകീട്ട് 6ന് സന്ധ്യാനമസ്ക്കാരത്തിന് മലങ്കരസഭാധ്യക്ഷൻ മുഖ്യകാർമ്മികത്വം വഹിക്കും. 7ന് അനുസ്മരണ പ്രസംഗം ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, സഭാ വൈദിക ട്രസ്റ്റി. തുടർന്ന് പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓർമ്മ പെരുന്നാളിന്റെ പ്രധാന ദിവസമായ ജൂലൈ 11 ശനി രാവിലെ 6.30ന് പ്രഭാതനമസ്ക്കാരം. 7.30ന് വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമ്മികത്വം വഹിക്കും. ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഡോ.ഗീവർഗീസ് മാർ യൂലിയോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരാകും. 10മണിക്ക് പ്രദക്ഷിണം, ധൂപപ്രാർത്ഥന, ശ്ലെഹിക വാഴ്വ് എന്നിവയോടെ ഓർമ്മപ്പെരുന്നാളിന് സമാപനമാകുമെന്ന് പഴയ സെമിനാരി മാനേജർ ഫാ.ജോബിൻ വർഗീസ് അറിയിച്ചു.


