സര്‍ക്കാര്‍ ഒത്താശയോടെയുള്ള നാടകം അവസാനിപ്പിക്കണമെന്ന്
ഓര്‍ത്തഡോക്‌സ് സഭ. പുളിന്താനം സെന്റ് ജോണ്‍സ്, മഴുവന്നൂര്‍ സെന്റ് തോമസ് എന്നീ പള്ളികളില്‍ കോടതിവിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്ന വ്യാജേന മുന്‍പതിവുപോലുള്ള നാടകം അരങ്ങേറുന്നു. കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ മറുവിഭാഗത്തെ അറിയിക്കുകയും, അവര്‍ക്ക് പള്ളിയകത്ത് നിലയുറപ്പുക്കുവാന്‍ അവസരം നല്‍കുകയും ചെയ്തിട്ട്, ക്രമസമാധാന പ്രശ്‌നം സൃഷ്ടിച്ച്, അകത്ത് ഉള്ളവരെ അവിടെ നിന്ന് ഇറക്കാന്‍ നടത്തുന്ന നാടകമാണ് നാളിതുവരെ കണ്ടിട്ടുള്ളത്. അതിന്റെ തനിയാവര്‍ത്തനമാണ് ഇന്നും അരങ്ങേറിയത്. രണ്ട് കക്ഷികളുടെയും വാദമുഖങ്ങള്‍ കേട്ട് ന്യായാന്യായങ്ങള്‍ പരിശോധിച്ച് ബഹു. കോടതി പുറപ്പെടുവിച്ച ഉത്തരവ് ഭൂരിപക്ഷ ന്യൂന പക്ഷ സ്ഥിതി നോക്കാതെ നടപ്പിലാക്കുവാന്‍ ബാദ്ധ്യതയുള്ള അധികാരികള്‍ ഇത്തരത്തില്‍ പക്ഷാപാതപരമായി പ്രവര്‍ത്തിക്കുന്നത് തികച്ചും അപലപനീയമാണ്.
ഈ നീക്കം രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാന്‍ കഴിയു. പലതവണ കോടതി ആവര്‍ത്തിച്ച് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും പാലിക്കാന്‍ തയ്യാറാകാതിരിക്കുന്ന അധികാരികള്‍ നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നു എന്നതില്‍ തര്‍ക്കമില്ല. നിലപാട് പുനപരിശോധിച്ച് കോടതി വിധി എത്രയും വേഗം നടപ്പിലാക്കണമെന്നും ആവശ്യപ്പെടുന്നു. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, അഡ്വ. ബിജു ഉമ്മന്‍, ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് റീശ് കോര്‍ എപ്പിസ്‌കോപ്പാ തുടങ്ങിവയർ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.