വ്യക്തിപൂജക്ക് സമാനമായ തിരുവാതിര പോലും ആസ്വദിക്കുന്ന അവസ്ഥയിലേക്ക് പിണറായി എത്തി: സ്തുതി പാഠകരുടെ പിടിയിലേയ്ക്ക് പാർട്ടി എത്തി

കൊല്ലം: കൊല്ലത്ത് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനം. സംസ്ഥാന നേതാക്കള്‍ അടക്കം പങ്കെടുത്ത കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി യോഗത്തിലാണ് പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ വിമർശനം ഉയർന്നത്. പിണറായി വിജയൻ സ്തുതിപാടകരുടെ പിടിയിലാണ്. വ്യക്തിപൂജക്ക് സമാനമായ തിരുവാതിര പോലും ആസ്വദിക്കുന്ന അവസ്ഥയിലേക്ക് പിണറായി എത്തി. കോടിയേരി ബാലകൃഷ്ണൻ ഭംഗിയായി നയിച്ച പാർട്ടിയെ എം.വി ഗോവിന്ദൻ ഇല്ലാതാക്കി. എല്ലാ ജില്ലകളിലും ഏകാധിപതികളെ പോലെ പ്രവർത്തിക്കുന്ന നേതാക്കള്‍ ഉണ്ടെന്നും വിമർശനം ഉയർന്നു.

Advertisements

അതേസമയം, പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാൻ ഭൂരിപക്ഷ തീരുമാന പ്രകാരം പിബി അനുമതി നല്‍കിയെന്ന് നേതൃത്വം സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തെ അറിയിച്ചു. പിണറായി പ്രതിപക്ഷ നേതാവായതിനെ കേന്ദ്ര കമ്മിറ്റി യോഗത്തിലും ഒരു വിഭാഗം എതിർത്തേക്കും. കേരളത്തിലെ പരാജയം ഞെട്ടിക്കുന്നതാണെന്നും തെറ്റു തിരുത്തല്‍ ഗൗരവത്തോടെ വേണമെന്നുമുള്ള പിബി വിലയിരുത്തലും കേന്ദ്ര കമ്മിറ്റി യോഗത്തില്‍ റിപ്പോർട്ട് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യയില്‍ ഒരിടത്തും ഇടതുഭരണം ഇല്ലാതിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര കമ്മിറ്റി യോഗം ദില്ലിയില്‍ തുടങ്ങിയിരിക്കുന്നത്. കേരളത്തിലെ കനത്ത പരാജയം ഞെട്ടിക്കുന്നതാണെന്ന റിപ്പോർട്ടാണ് പോളിറ്റ് ബ്യൂറോ കേന്ദ്ര കമ്മിറ്റിയില്‍ വച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം വലിയതോതില്‍ പ്രകടമായിരുന്നില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മാറ്റം വേണമെന്ന ജനവികാരം മനസിലാക്കാനായില്ല. സംസ്ഥാന സർക്കാരിനെതിരായ യുഡിഎഫ് പ്രചാരണം ചെറുക്കാനായില്ല. സംസ്ഥാനത്തെ സംഘടന ദൗർബല്യം പരിഗണിക്കാൻ വിശാല കൂടിയാലോചന വേണം. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ തിരിച്ചടിയും സിപിഎം വിട്ടവരുടെ വിജയവും ലാഘവത്തോടെ കാണാനാകില്ല. സംസ്ഥാനത്ത് താഴേതട്ടു മുതല്‍ പാർട്ടി അണികളുടെ അഭിപ്രായം ശേഖരിക്കാൻ നടപടി തുടങ്ങിയെന്ന് സംസ്ഥാന ഘടകം അറിയിച്ചു.

പിണറായി വിജയന് കേന്ദ്ര കമ്മിറ്റിയില്‍ തുടരാൻ പാർട്ടി കോണ്‍ഗ്രസ് ഇളവു നല്കിയത് മുഖ്യമന്ത്രി എന്ന നിലയ്ക്കാണ്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവായി നിശ്ചയിക്കരുതെന്ന് അഞ്ചിലധികം അംഗങ്ങള്‍ പിബിയില്‍ ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷ അഭിപ്രായത്തിൻറെ അടിസ്ഥാനത്തിലാണ് പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിന് അംഗീകാരം നല്കിയതെന്നും സിസി യോഗത്തില്‍ ജനറല്‍ സെക്രട്ടറി റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിലുള്ള വിയോജിപ്പ് ചില അംഗങ്ങള്‍ യോഗത്തെ അറിയിച്ചേക്കും. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനത്തില്‍ ഇനി പുനപരിശോധന ഉണ്ടാകില്ല. കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഇതുവരെ സിസി യോഗത്തില്‍ ഒറ്റക്കെട്ടായാണ് വിവിധ വിഷയങ്ങളില്‍ നിലപാട് സ്വീകരിച്ചിരുന്നത്. കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ നേതാക്കള്‍ക്കുള്ള വ്യത്യസ്ത നിലപാടും സിസി യോഗത്തില്‍ പ്രകടമാകാനുള്ള സാധ്യത തള്ളാനാകില്ല.

Hot Topics

Related Articles