ന്യൂഡല്‍ഹി: വാഷിംഗ്ടണ്‍ ഡിസിയില്‍ അത്താഴവിരുത്തിനിടെ ഉണ്ടായ വെടിവയ്പ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും മറ്റ് ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അറിഞ്ഞത് ആശ്വാസകരമാണെന്നും ജനാധിപത്യത്തില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
“വാഷിംഗ്ടണ്‍ ഡിസിയിലെ ഒരു ഹോട്ടലില്‍ അടുത്തിടെയുണ്ടായ സംഭവത്തില്‍ പ്രസിഡന്റ് ട്രംപും പ്രഥമ വനിതയും വൈസ് പ്രസിഡന്റും സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അറിഞ്ഞതില്‍ ആശ്വാസമുണ്ട്. ഒരു ജനാധിപത്യത്തില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. ശക്തമായി അപലപിക്കുന്നു”- പ്രധാനമന്ത്രി കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലിലെ ബോള്‍റൂമില്‍ വച്ച് നടന്ന മാദ്ധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിലാണ് വെടിവയ്പ്പുണ്ടായത്. മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്ന ചടങ്ങിനിടെ തോക്കുകളും കത്തികളുമായി ഒരു യുവാവ് അതിക്രമിച്ച് കടക്കുയും വെടിയുതിർക്കുകയുമായിരുന്നു. സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ പ്രതിയെ സീക്രട്ട് സർവീസ് ഏജന്റുമാർ തടഞ്ഞു. ഇതിനിടെ ബോള്‍റൂമിനുള്ളില്‍ ഉണ്ടായിരുന്ന അതിഥികള്‍ മേശകള്‍ക്കടിയില്‍ ഒളിച്ചു. എട്ട് തവണ വെടിയൊച്ച കേട്ടതായാണ് വിവരം.
തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സ്ഥലത്തുനിന്ന് സുരക്ഷിതമായി മാറ്റി. സംഭവത്തില്‍ കാലിഫോർണിയയിലെ ടോറൻസില്‍ നിന്നുള്ള 31 കാരനായ കോള്‍ തോമസ് അലൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമണത്തിന് മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം വ്യക്തമല്ല. നിലവില്‍ അന്വേഷണം തുടരുകയാണ്.

