പത്തനംതിട്ട : കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. ആംബുലൻസ് ഡ്രൈവറായ കായംകുളം കീരിക്കാട് പനയ്ക്കച്ചിറയിൽ വീട്ടിൽ നൗഫലിന്റെ ജാമ്യാപേക്ഷയാണ് സെഷൻസ് കോടതി തള്ളിയത്. 2020 സെപ്റ്റംബർ 6 ന് രാത്രി പത്തരയോടെ ആയിരുന്നു സംഭവം.
പന്തളത്തെ സിഎഫ്എൽടിസി യിലേക്ക് അടൂർ ജനറൽ ആശുപത്രിയിൽ നിന്നും ആരോഗ്യ വകുപ്പിന്റെ ആംബുലൻസിൽ കയറ്റിവിട്ട പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ആറന്മുള ഭാഗത്തെ ഒഴിഞ്ഞ പ്രദേശത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം നടന്ന് അടുത്ത ദിവസം തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്നുമുതൽ പ്രതി ജയിലിലാണ്. കേസിൽ കുറ്റപത്രം 90 ദിവസത്തിനുള്ളിൽ കോടതിയിൽ പൊലീസ് സമർപ്പിച്ചു. തുടർന്ന് പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥ പ്രകാരം വിചാരണ മുഴുവൻ വിഡിയോ റെക്കോർഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി.
അങ്ങനെ വിചാരണ സ്റ്റേ ചെയ്യുകയായിരുന്നു. ഇതിനിടെ പ്രതി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. കഴിഞ്ഞ ദിവസം വിശദമായി വാദം കേൾക്കുകയും ഇന്നലെ ജാമ്യാപേക്ഷ തള്ളുകയയിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ എ സി ഈപ്പൻ ഹാജരായി.